തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ് പുനരാരംഭിക്കാനാകുമോ എന്നതിൽ വ്യക്തത വരുത്താതെ ആരോഗ്യവകുപ്പ്. പരിമിതികൾ ഏറെയുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. മാസ്റ്റര്‍ പ്ലാൻ പ്രകാരം വികസന പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും പദ്ധതിയില്‍ കരൾ മാറ്റ ശസ്ത്രക്രിയ യൂണിറ്റ് ഉൾപ്പെടുത്തിയിട്ടില്ല.

ആദ്യ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ചതോടെ പൂര്‍ണമായും അടച്ചിട്ടതാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യൂണിറ്റ്. ഈ സര്‍ക്കാരിന്റെ കാലത്ത് പുനരാരംഭിക്കുമെന്ന് പലവട്ടം ഉറപ്പു നല്‍കിയെങ്കിലും ഇപ്പോൾ ആരോഗ്യമന്ത്രിയും രോഗികളെ കയ്യൊഴിയുകയാണ്. കോടികള്‍ ചെലവിട്ട് സ്ഥാപിച്ച യൂണിറ്റും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനായി ചെലവഴിച്ച തുകയും പാഴാകുന്ന സ്ഥിതിയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ മരണാനന്തര അവയവദാനം നടക്കുമ്പോഴും കരൾ മാറ്റിവെക്കാൻൻ സ്വകാര്യ മേഖലയെ പൂര്‍ണമായും ആശ്രയിക്കേണ്ട അവസ്ഥയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്കും കരൾ മറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങാൻ തീരെ താല്‍പര്യമില്ല. വൈദഗ്ധ്യമില്ലാത്തതും ശസ്ത്രക്രിയ പരാജയമാകുമോ എന്ന ഭയവുമാണ് കാരണം. സ്വകാര്യ ആശുപത്രികൾ സഹായിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും അതിനോടും വലിയ താല്‍പര്യമില്ല. രോഗികൾക്ക് സൗജന്യമായി ചെയ്തുകൊടുക്കുന്ന ശസ്ത്രക്രിയക്ക്, ആശുപത്രിക്ക് ലക്ഷങ്ങൾ ചെലവാകും. ഈ പണം ഏതെങ്കിലും പദ്ധതിയില്‍ ഉൾപ്പെടുത്തി തിരികെ കിട്ടുന്ന സാഹചര്യവുമില്ല. ഇതും യൂണിറ്റ് പുനരാരംഭിക്കാതിരിക്കാനുള്ള കാരണമാണ്.