തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സാമൂഹികവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുരെയുള്ള കണക്കുകളും വിശദാംശങ്ങളും നിരത്തിയാണ് സാമൂഹികവ്യാപനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണ്. രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത മുപ്പതോളം പോസിറ്റീവ് കേസുകൾ  കണ്ടെത്തിയില്ലേയെന്ന് ചിലർ ചോദിക്കുന്നു. അത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. എന്നാൽ ഈ 30 കേസുകളും സാമൂഹികവ്യാപനത്തിലൂടെ ഉണ്ടായതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

കേരളത്തിന്റെ കൊവിഡുമായുള്ള പോരാട്ടം പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധമാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി പടർന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈൻ ഘട്ടങ്ങൾ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നൽ നൽകി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടൽ കൊണ്ടാണ്. കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണ്. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാൽ മികവറിയാം. ഒരു രോഗിയിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തിൽ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളിൽ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തിൽ ആദ്യ മൂന്ന് കേസ് വുഹാനിൽ നിന്നെത്തി. ഇവരിൽ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാൻ നമുക്ക് സാധിച്ചു. 

ഇന്ത്യയിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്ക്രീനിങിന്റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മൾ രോഗവ്യാപനം തടയാനുള്ള സംവിധാനം ഏർപ്പെടുത്തി. അടുത്ത ഘട്ടത്തിൽ കേരളത്തിലെ കൊവിഡ് കേസുകളിൽ 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്പർക്കത്തിലൂടെയും ഉണ്ടായി. ഈ സാഹചര്യത്തിൽ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പർ 0.45 ആക്കി നിലനിർത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.

മറിച്ചായിരുന്നു അവസ്ഥയെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. കൊവിഡിന്റെ സീരിയൽ ഇൻ്റർവെൽ അഞ്ച് ദിവസമാണ്. രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാൻ വേണ്ട സമയമാണിത്. കേരളത്തിലേത് മൂന്നാണെന്ന് കരുതിയാൽ കേരളത്തിലെ 670 കേസുകൾ 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താൽ മരണനിരക്ക് 250 കവിയും. കേരളത്തിൽ അതല്ല സംഭവിച്ചത്. അതിന് കാരണം രോഗം തടയാൻ വേണ്ട ട്രേസിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ്. വലിയ വിപത്തിനെ ഇങ്ങിനെയാണ് നാം തടഞ്ഞത്. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.

രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകൾ മുപ്പത് എണ്ണത്തോളം കണ്ടെത്തിയില്ലേയെന്ന് ചിലർ ചോദിക്കുന്നു. അത് സമൂഹിക വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. ഈ 30 കേസുകളും സാമൂഹിക വ്യാപനമല്ല. എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളിൽ രോ​ഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും പൂർണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പിൽ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങൾ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതൽ ടെസ്റ്റ് നടത്തുകയും ചെയ്യും.

എവിടെ നിന്ന് രോഗം കിട്ടിയെന്നറിയാത്ത കേസുകളുടെ കൂട്ടം കേരളത്തിൽ എവിടെയും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി. അതുകൊണ്ട് സാമൂഹിക വ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ല. ഈ 30 ഓളം കേസുകളും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ല. കൊവിഡിന്റെ മാത്രം പ്രത്യേകതയാണിത്. എല്ലാ രോഗങ്ങളിലും ഇങ്ങിനെയല്ല.