കണ്ണൂർ: നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് 19 രോ​ഗമില്ലെന്ന് സ്ഥിരീകരണമായി. ഇയാളുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. മരണകാരണം ഹൃദയാഘാതം എന്ന് മെഡിക്കൽ ബോർഡ്. സംസ്കാരം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും.

കണ്ണൂർ ചേലേരി സ്വദേശിയായ 65 കാരൻ അബ്ദുൽ ഖാദറാണ് ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. മകളെ സന്ദർശിക്കാനായി ഷാർജയിൽ പോയ അബ്ദുൾ ഖാദർ 21 ആം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്രവ പരിശോധന നടത്തിയിരുന്നില്ല. നാട്ടിലെത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ താമസിക്കുകയായിരുന്നു ഇയാൾ. ഹൃദ്രോഗി കൂടിയായിരുന്നു അബ്ദുൽ ഖാദർ.

അതിനിടെ, കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ കൂടി സംസ്ഥാനത്ത് മരിച്ചു. കുമരകം സ്വദേശിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ലോറി ഡ്രൈവർ ആയിരുന്ന ഇയാൾ മാർച്ച് 18 നാണ് മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

Also Read: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി മരിച്ചു; ഹൃദയാഘാതം മൂലമെന്ന് നിഗമനം