കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. ആര്‍ക്കെതിരെയും തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കണ്‍വെന്‍ഷൻ സെന്‍ററിന് അനുമതി നല്‍കാത്തിലെ മനോവിഷമമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെയും ഉദ്യോഗസ്ഥരെയും ക്രൈംബ്രാ‍ഞ്ച് ചോദ്യം ചെയ്തു. നഗരസഭയിലെ ഫയലുകൾ പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്തിരുന്നു. കൺവെൻഷൻ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണ കാരണമെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എന്നാൽ, സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനൽ കുറ്റം ചെയ്തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ ശ്യാമളയടക്കമുള്ളവർക്കെതിരെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. പ്രതികളാരുമില്ലാത്ത അസ്വാഭാവിക മരണക്കേസ് സംബന്ധിച്ച റിപ്പോർട്ട് തളിപ്പറമ്പ് ആർഡിഒക്കാണ് നൽകുക. ഇതിനാൽ തന്നെ ഇക്കാര്യത്തിൽ തുടർനടപടികളും ഉണ്ടാവില്ല. 

അതേസമയം, ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്ന് സിപിഎം മുഖപത്രത്തിൽ വന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി കണ്ണൂർ എസ്പി സാജന്റെ ഭാര്യയ്ക്ക് കത്ത് അയച്ചു. കുടുംബത്തെ അപമാനിക്കും വിധം സിപിഎം മുഖപത്രത്തിലും സോഷ്യൽമീഡിയയിലും വാർത്തകൾ വന്നതിനെതിരെ സാജന്റെ ഭാര്യ ബീന നൽകിയ പരാതിയിലാണ് കണ്ണൂർ എസ്പിയുടെ മറുപടിക്കത്ത്. കുടുംബത്തെ അപമാനിക്കും വിധം വന്ന വാർത്തകളിൽ പറഞ്ഞ മൊഴി പൊലീസിന് ലഭിച്ചിട്ടില്ല. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയതല്ലെന്നും വ്യാജമായി സൃഷ്ടിച്ചതാണെന്നും കത്തിലുണ്ട്.

 

സാധ്യമായ എല്ലാ സംവിധാനവും ഉപയോഗിച്ച് പിഴവറ്റ അന്വേഷണമാണ് നടത്തിയതെന്നും കത്തിൽ വ്യക്തമാക്കുന്നു. കത്ത് സ്ഥിരീകരിച്ച കുടുംബം പക്ഷെ പ്രതികരണത്തിന് തയാറായില്ല. അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴും സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം നേരത്തെ നൽകിയ പരാതി നിലനിൽക്കുകയാണ്. വിവാദങ്ങൾ അവസാനിക്കുകയും കൺവെൻഷൻ സെന്റർ പ്രവർത്തനം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഈ പരാതിയിൽ നിന്ന് കുടുംബം പുറകോട്ട് പോയേക്കും. തൽക്കാലം വിവാദങ്ങൾ അവസാനിപ്പിക്കാനാണ് ഇരു വിഭാഗത്തിനും താൽപര്യം.