തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊവിഡ് ചികിത്സയിൽ വീഴ്ചവരുത്തിയ സ്വകാര്യ ആശുപത്രി ആരോഗ്യവകുപ്പ് പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യമില്ലെന്ന് ഡിഎംഓയുടെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. ഇവിടെ ചികിത്സയ്ക്കായി ഉണ്ടായിരുന്നത് ഒരൊറ്റ ഡോക്ടര്‍ മാത്രമായിരുന്നു.

ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയിൽ 40 അന്തേവാസികളാണ് ഉള്ളത്. കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ മൂന്നുപേര്‍ ഒരാഴ്ചക്കിടെ മരിച്ചു. ഇതോടെ ബന്ധുക്കൾ പരാതിയുമായി ഡിഎംഒയെ സമീപിക്കുകയായിരുന്നു. അപകാത കണ്ടെത്തിയതിനെ തുടർന്ന് കൊവിഡ് പോസ്റ്റീവായവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി. 

ബാക്കിയുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ബന്ധുക്കൾ ഉള്ള അന്തേവാസികളെ അവരോടൊപ്പം പറഞ്ഞുവിട്ടു. ബാക്കിയുള്ളവരെ സർക്കാർ സംരക്ഷണയിലേക്ക് മാറ്റി. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രിക്ക് എതിരെ ഡിഎംഒയുടെ റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടി.