കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് വ്യക്തമാക്കി. കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. നേരിട്ട് പരാതി ലഭിച്ചത് ഇന്നലെയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു.
സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുന്നു. കോൺഗ്രസ്സ് അങ്ങനെയല്ല ചെയ്തത്. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു. പുറത്താക്കൽ ആലോചിക്കും. ഒറ്റക്ക് തീരുമാനം എടുക്കാൻ ആവില്ലെന്നും കോടതി കാര്യങ്ങൾ അറിഞ്ഞിട്ട് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജി വെക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. രാഹുൽ ആരോപണ വിധേയൻ ആയിരിക്കെ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരണങ്ങളിൽ പങ്കെടുത്തിട്ടില്ല. കോണ്‍ഗ്രസിന്‍റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് ആലോചിക്കും എന്നാണ് സണ്ണി ജോസഫ് മറുപടി പറഞ്ഞത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തികഞ്ഞ പ്രതീക്ഷയിലാണ്. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.


