Asianet News MalayalamAsianet News Malayalam

'വികസനത്തിന് ആരാധനാലയം പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളും', ഹൈക്കോടതി

ശ്രീകുമാരൻ തമ്പിയുടെ 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' എന്ന വരികളുദ്ധരിച്ച് കോടതി ഇങ്ങനെ പറഞ്ഞു, ''ദൈവം സർവ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി  ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം ക്ഷമിച്ചോളും''
 

no god will be angry if any place of worship is demolished for development says kerala hc
Author
Kochi, First Published Jul 23, 2021, 6:14 PM IST

കൊച്ചി: ആരാധനാലങ്ങൾക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്‍റിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. ആർക്കും പ്രയാസമുണ്ടാക്കാതെ വികസന പദ്ധതി സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ഉമയനെല്ലൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയാണ് കോടതി നിരീക്ഷണം.

കൊല്ലം ഉമയനെല്ലൂർ വില്ലേജിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്‍റെ പുതുക്കിയ അലൈൻമെന്‍റിന് എതിരായിരുന്നു ഹൈക്കോടതിയിലെ ഹർജികൾ. ഒരു ആരാധാനാലയം സംരക്ഷിക്കാൻ 2008-ലെ അലൈന്‍റ്മെന്‍റ് പുതുക്കിയപ്പോൾ കൂടുതൽ വീടും ആരാധനാലയങ്ങളും  നഷ്ടമാകുമെന്ന സ്ഥിതിയായെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഈ ഹർജികൾ തള്ളി, ശ്രീകുമാരൻ തമ്പിയുടെ 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' എന്ന വരികളുദ്ധരിച്ച് കോടതി ഇങ്ങനെ പറഞ്ഞു, ''ദൈവം സർവ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി  ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം ക്ഷമിച്ചോളും. ഈ ഉത്തരവിറക്കുന്ന ജഡ്ജിയോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ഹർജിക്കാരോടും''.

അനാവശ്യമായ കാര്യങ്ങളുടെ പേരിൽ ദേശീയ പാത വികസനത്തിനുള്ള സ്ഥമേറ്റെടുപ്പിൽ ഇടപെടാനാകില്ല. രാജ്യത്തിന്‍റെ വികസനത്തിന് ദേശീയപാതയുടെ വികസനം ആവശ്യമാണ്.   പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.  ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്‍റെ ഭാഗമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വിധിയിൽ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios