കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ കണ്ട ഉയർന്ന പോളിംഗ് എൽഡിഎഫിന് അനുകൂലമായി മാറുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. സ്വർണക്കടത്ത് കേസിൽ ഉയർന്ന ആരോപണങ്ങൾ ആരോപണങ്ങളായി മാത്രം നിലനിൽക്കുകയാണെന്നും സംസ്ഥാന സർക്കാർ പദ്ധതികളുടെ ഗുണോഭക്താകളാക്കാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഇന്നുണ്ടാവില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. 

ടി.പി.രാമകൃഷ്ണൻ്റെ വാക്കുകൾ - 

അരിയില്ലാത്ത ഒരു വീടു പോലും ഇന്ന് സംസ്ഥാനത്തില്ല. കേരളത്തിലെ പട്ടിണി പാടെ മാറി. ദാരിദ്രമുള്ള കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ വേണ്ട സംവിധാനം സർക്കാർ  ഒരുക്കി. ജലപാത ഉൾപ്പെടെ ഗതാഗത പദ്ധതികൾ പൂർത്തീകരിച്ചു. രാജ്യത്ത് ആദ്യമായി കർഷകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയത് കേരളത്തിലാണ്.

ജനക്ഷേമ പ്രവർത്തന മികവിനുള്ള ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ സർക്കാർ നേടി. ലൈഫ് പദ്ധതി ഉൾപ്പെടെയുള്ളവയിൽ ഗുണഭോക്താക്കളാവാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാവില്ല. എൽഡിഎഫിനെ എതിർക്കാൻ യുഡിഎഫ് - ബിജെപി - ജമ അത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നുണ്ട്. ഇവർക്കെതിരായ ജനവിധിയാവും ഈ പ്രാവശ്യം ഉണ്ടാകും.

മദ്യനിരോധം എവിടേയും പ്രായോഗികമല്ല. മദ്യവർജ്ജനമാണ് വേണ്ടത്. മദ്യവർജ്ജനത്തിനായി നിരവധി ബോധവത്കരണ പരിപാടികൾ ഈ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിൻ്റെ നേട്ടങ്ങളെ വിവാദങ്ങളിലൂടെ തകർക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. ആരെന്ത് പറഞ്ഞാലും സർക്കാറിൻ്റെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ജനങ്ങൾക്ക് കഴിയില്ല. എൽഡിഎഫിൻ്റെ അടിത്തറ വിപുലമാണ്. എൽജെഡി, ജോസ് വിഭാഗം  എന്നിവ എത്തിയത് മുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഈ സർക്കാരിൻ്റെ കാലത്ത് പെൻഷൻ കുടിശ്ശികയില്ല. 2021 ജനുവരി മുതൽ 1000 രൂപ പെൻഷൻ സർക്കാർ 1500 രൂപയാക്കി ഉയ‍ർത്തുകയാണ്.
ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷം കുടുംബങ്ങൾക്ക് ഈ സർക്കാർ വീട് നൽകി. സർക്കാറിനും എൽഡിഎഫിനും ജനപിന്തുണ കൂടിയിട്ടുണ്ട്. ഇത് തകർക്കാനാണ് സമനില തെറ്റിയ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. 

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന നിലപാടുകൾ ഉണ്ടാവില്ല. ഇപ്പോൾ പദ്ധതിക്ക് വേണ്ടിയുള്ള സ‍ർവ്വേ മാത്രമാണ് നടക്കുന്നത്. അതിനു ശേഷം ജനതാത്പര്യം പരി​ഗണിച്ച് തീരുമാനം എടുക്കും. സ്വ‍ർണക്കടത്ത് കേസിൽ ആരോപണങ്ങൾ ആരോപണങ്ങൾ മാത്രമായി നിലനിൽക്കുന്നു. ആരോപണം ഉന്നയിക്കുന്നവർക്ക് ഇതുവരെ തെളിയിക്കാനാവുന്നില്ല. ആരോപണ വിധേയരാരും തെറ്റ് ചെയ്തതായി കരുതുന്നില്ല.