ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വീണ്ടും തരൂരിനെ  കൊണ്ട്  വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട്

കോഴിക്കോട് :കോൺഗ്രസിന്‍റെ പലസ്തീൻ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയിൽ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്‍റെ പേരില്ല. വർക്കിംഗ് കമ്മറ്റി അംഗമെന്ന നിലയ്ക്ക് തരൂരെത്തിയാൽ പലരിൽ ഒരാളായി ഊഴത്തിന് കാത്തിരിക്കേണ്ടി വരും

23ന് കോഴിക്കോട്ട് നടക്കുന്ന കോൺഗ്രസിന്‍റെ പലസ്തീൻ റാലി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക, കെ സുധാകരന്‍ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രഭാഷക‍ർ. തരൂരിന് പ്രത്യേക റോളൊന്നും റാലിയിൽ നൽകാൻ ഇതേ വരെ ആലോചനയില്ല. പ്രവർത്തകസമതി അംഗമെന്ന രീതിയിൽ തരൂരെത്തിയാൽ പല പ്രഭാഷകരിൽ അവസാന ഊഴം മാത്രമാണ് ലഭിക്കുക. തരൂരിന്‍റെ ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വീണ്ടും അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട് .കെ മുരളീധരനും എംഎം ഹസനുമടക്കമുള്ള മുൻ കെപിസിസി പ്രസിഡണ്ടുമാർക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.

തരൂർ നിലപാട് ആവ‍ർത്തിക്കാനോ വിശദീകരിക്കാനോ സാധ്യതയുണ്ട്. അത് തലവേനയാകുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നു. എന്നാൽ തരൂരിനെ മനപൂ‍ർവ്വം ഒഴിവാക്കാനാകില്ല. പരിപാടിയെക്കുറിച്ച് അറിയിക്കും. കുടുംബപരമായ ചടങ്ങ് ഉള്ളതിനാൽ തരൂർ എത്താൻ സാധ്യതയില്ല. പ്രത്യേകിച്ച് റോളൊന്നുമില്ലാതെ അവസാന പ്രാസംഗികനാകാനും തരൂർ താല്പര്യം കാണിച്ചേക്കില്ല. സ്വാഗത സംഘം യോഗം ചേർന്ന് റാലി നടത്തിപ്പുമായി മുന്നോട്ട് നീങ്ങുകയാണ് കോഴിക്കോട്ടെ സംഘാടകസമിതി

'പലസ്തീന്‍ വിഷയത്തിലെ തരൂരിന്‍റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ല,അത് പ്രശ്നങ്ങളുണ്ടാക്കുന്നത്,തരൂര്‍ തിരുത്തണം'