കൊച്ചി: ആറ് കോടിയുടെ സ്വർണകവർച്ച നടന്ന ആലുവ എടയാറിലെ സ്വർണ ശുദ്ധീകരണശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസൻസ് ഇല്ല. വ്യവസായമേഖലയിൽ 25 കൊല്ലങ്ങളായി പ്രവർത്തിക്കുന്ന സിആർജി മെറ്റലോയ്സ് പ്രവർത്തനം  നിഗൂഢമാണെന്നാണ് പഞ്ചായത്തിന്‍റെ ആരോപണം. സംഭവത്തിന് ശേഷം സ്ഥാപനത്തിൽ പരിശോധനയ്ക്കെത്തിയ  പ‌ഞ്ചായത്ത് അധികൃതരെ ഗേറ്റിൽ തടഞ്ഞെന്നും പഞ്ചായത്ത് പ്രസി‍ഡന്‍ ആരോപിക്കുന്നു.

ആലുവയ്ക്കടുത്തുളള എടയാർ വ്യവസായ മേഖലയിലെ സിആർജി മെറ്റലോയ്സ് ഒരു സ്വർണ ശുദ്ധീകരണ ശാലയാണെന്നുള്ളത് കേട്ടുകേൾവി മാത്രം ആണെന്നാണ് പഞ്ചായത്ത് പറയുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് പഞ്ചായത്തിന്‍റെ ലൈസൻസ് ഇല്ല. വ്യവസായ മേഖലയിലെ സ്വർണശുദ്ധീകരണ ശാല അടക്കമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍  ശേഖരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തടസങ്ങളുണ്ടായി.

സ്വർണകവർച്ചയ്ക്ക് ശേഷം സ്ഥാപനത്തിൽ പരിശോധിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരെ ഉള്ളിലേക്ക് പ്രവേശിക്കാൻ പോലും ജീവനക്കാർ തയ്യാറായില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിക്കുന്നു. എന്നാൽ, എല്ലാ വിധ അംഗീകാരങ്ങളോടും കൂടിയാണ് സിജിആർ മെറ്റലോയ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് ഉടമയുടെ വാദം. ഈ സാഹചര്യത്തിൽ ഇടയാർ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാനൊരുങ്ങുകയാണ് കടുങ്ങല്ലൂർ പഞ്ചായത്ത്.

Also Read: കൊച്ചിയിലെ സ്വര്‍ണ്ണ കവര്‍ച്ച; ഗുണ്ടാ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം