Asianet News MalayalamAsianet News Malayalam

കമ്മ്യൂണിറ്റി കിച്ചണിൽ രാഷ്ട്രീയ ഇടപെടൽ വേണ്ട; ശ്രമിക്കേണ്ടത് സഹായത്തിനെന്ന് മുഖ്യമന്ത്രി

കമ്യൂണിറ്റി കിച്ചൺ ഇവരുടെ നേതൃത്വത്തിലാണ്. നല്ല നിലയ്ക്കാണ് പ്രവർത്തനം നടക്കുന്നത്. ധാരാളം വ്യക്തികളും സംഘടനകളും സാധനങ്ങളും മറ്റും സംഭാവന നൽകുന്നുണ്ട്. എന്നാൽ അപൂർവം ചിലയിടത്ത് ഈ രംഗത്തെ രാഷ്ട്രീയ ഇടപെടൽ അവസാനിക്കുന്നില്ല
no need of political influence in community kitchen says cm pinarayi vijayan during lock down
Author
Thiruvananthapuram, First Published Apr 13, 2020, 6:38 PM IST
തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിക്കുന്നില്ല. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ പ്രവണത കാണുന്നത്. കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനത്തെ സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലൂടെയാകണം കമ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം. ഏതെങ്കിലുമൊരു കൂട്ടര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ മത്സരബുദ്ധിയോടെ ഇടപെടും ഇത് ശരിയായ രീതിയല്ല. ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങിനെ വേണമെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കും. ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്തേണ്ട അവസ്ഥയില്ല. വൈറസിന്റെ വ്യാപനം എപ്പോൾ എവിടെയുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആൾക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. അതിനാൽ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും.

പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തൊഴിലാളികളും ജീവനക്കാരും ഏറെക്കുറെ 24 മണിക്കൂറും പ്രവർത്തനത്തിൽ മുഴുകി നിൽക്കുന്നുണ്ട്. എത്ര അഭിനന്ദിച്ചാലും ഇവരുടെ പ്രവർത്തനത്തിന് മതിവരില്ല. കമ്യൂണിറ്റി കിച്ചൺ ഇവരുടെ നേതൃത്വത്തിലാണ്. നല്ല നിലയ്ക്കാണ് പ്രവർത്തനം നടക്കുന്നത്. ധാരാളം വ്യക്തികളും സംഘടനകളും സാധനങ്ങളും മറ്റും സംഭാവന നൽകുന്നുണ്ട്. എന്നാൽ അപൂർവം ചിലയിടത്ത് ഈ രംഗത്തെ രാഷ്ട്രീയ ഇടപെടൽ അവസാനിക്കുന്നില്ല, കുറച്ച് വർധനവിന്റെ ലക്ഷണം കാണിക്കുന്നുമുണ്ട്. ഇതൊഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇത്തവണത്തെ വിഷുക്കൈ നീട്ടം നാടിന് വേണ്ടിയാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. നാട് അത്യസാധാരണ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ വിഷുക്കൈ നീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് മുതൽകൂട്ടാക്കാൻ കുട്ടികളെയും പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിലിൽ വിശുദ്ധ റംസാൻ മാസം ആരംഭിക്കുന്നു. സക്കാത്തിന്റേത് കൂടിയാണ് ഈ മാസം. ഇതും ഇപ്പോഴത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള അവസരമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
Follow Us:
Download App:
  • android
  • ios