ഇതിന് മുൻപും വെസ്റ്റ് നൈൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ച സംഭവത്തില്‍ വൈറസ് പകര്‍ന്നിട്ടില്ലെന്നും ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം. ഇതിന് മുൻപും വെസ്റ്റ് നൈൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യവകുപ്പ് സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നും കെ കെ ഷൈലജ പറഞ്ഞു. 

മലപ്പുറം വേങ്ങരയ്ക്ക് സമീപമുള്ള എ ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് പനി ബാധിക്കുന്നത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെവെച്ചാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിന് പിന്നാലെ എ ആര്‍ നഗറിലും കുട്ടിയുടെ അമ്മയുടെ വീടായ തിരൂരങ്ങാടിയിലും വിദഗ്ദ്ധ സംഘം പരിശോധനക്കെത്തിയിരുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. ഈ ഭാഗത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണിട്ടില്ലെന്നതും രോഗം പടര്‍ന്നിട്ടില്ലെന്നതിന്‍റെ തെളിവാണ്. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.