മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് സൂചന നൽകി മുതിർന്ന ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിൽ പാർട്ടിയിൽ ഒരു എതിർപ്പുമില്ലെന്നും മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി വരുന്നത് ലീഗിന് വേണ്ടി മാത്രമല്ലെന്നും മുന്നണിയെ ആകെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമാണെന്ന് പൊന്നാനി എംപി കൂടിയായ ഇ ടി പറയുന്നു. 

നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്ന് പറയാനാവില്ലെന്നും യുഡിഎഫിലെ എല്ലാ പാർട്ടികളും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കുമെന്നുമാണ് ഇ ടി മുഹമ്മദ് ബഷീ‌‌ർ പറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന് അനിവാര്യമാണെന്നും ഇ ടി അഭിപ്രായപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെച്ചൊല്ലി പല കോണുകളിൽ നിന്നും രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് മുതിർന്ന ലീഗ് നേതാവിൻ്റെ വിശദീകരണം.