തിരുവനന്തപുരം: പാലാ സീറ്റ് വിട്ടു നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. വിട്ടു നല്‍കാന്‍ സീറ്റ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ്ന്റെ കയ്യില്‍ അല്ല ഉള്ളത്. യാതൊരു ഉപാധിയും ഇല്ലാതെയാണ് മുന്നണിയിലേക്ക് വരുന്നതെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. 

കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം അനുമതി നല്‍കിയിരുന്നു. 38വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിലേക്കെത്തിയത്. യുഡിഎഫില്‍ നിന്ന് തഴഞ്ഞ സാഹചര്യത്തിലാണ് ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പമെത്തിയത്.

ജോസ് വിഭാഗം പോയതോടെ യുഡിഎഫിന് വലിയ തകര്‍ച്ച നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് സിപിഐയും രംഗത്തെത്തിയിരുന്നു. പാലാ സീറ്റ് തര്‍ക്കം പരിഹരിക്കുകയാകും ഇടതുമുന്നണിയുടെ മുന്നിലുള്ള പ്രധാന പ്രശ്‌നം. പാലാ സീറ്റ് എന്‍സിപിയും ജോസ് കെ മാണിയും അഭിമാനപ്രശ്‌നമായി കാണുന്ന മണ്ഡലമാണ്.