Asianet News MalayalamAsianet News Malayalam

'മമ്മൂട്ടിയെ പോലെ അർഹരെ തഴഞ്ഞു, എന്താണ് മാനദണ്ഡം'; പദ്മ അവാർഡ് നിർണയത്തിനെതിരെ സതീശൻ

1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്തെന്ന് സതീശൻ ചോദിക്കുന്നു. 

No Padma Bhushan for Mammootty yet again vd satheesan criticised padma award apn
Author
First Published Jan 28, 2024, 11:19 AM IST

തിരുവനന്തപുരം : പദ്മ പുരസ്കാരത്തിൽ നിന്ന് അർഹരെ തഴഞ്ഞുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  മമ്മൂട്ടിക്കും, ശ്രീകുമാരൻ തമ്പിക്കും പദ്മ പുരസ്കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി.സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്താണ്. 1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്തെന്ന് സതീശൻ ചോദിക്കുന്നു. 

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ  തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ  ഞാൻ  വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല. പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്? രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം.എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.
 

Latest Videos
Follow Us:
Download App:
  • android
  • ios