തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രപരിചരണ വിഭാഗങ്ങൾ ശക്തിപ്പെടുത്തണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. കൊവിഡ് രോഗ വ്യാപനം തീവ്രമാകുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. വ്യാഴാഴ്ച നാലാമത്തെ തവണയാണ് കൊവിഡ് രോഗികളുടെ ദിനംപ്രതിവർദ്ധന മൂവായിരം കടന്നത്. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരില്ലെന്നതും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. 

നിലവിൽ സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ ഇല്ലെന്ന് വിദഗ്ധസമിതി വ്യക്തമാക്കുന്നു. സർക്കാർ മേഖലയിൽ അത്തരം സൗകര്യം കുറച്ചെങ്കിലുമുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമാണ്. 

കൂടുതൽ ഡോക്ടർമാർക്ക് ക്രിട്ടിക്കൽ കെയർ സേവനത്തിന് പരിശീലനം നൽകണം. ഇതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തവും നിർണായകമാണ്. അതിനാൽ സ്വകാര്യ ആശുപത്രികളിലെ ക്രിട്ടിക്കൽ കെയർ മേഖലയെക്കൂടി പങ്കാളികളാക്കി വേണം മുന്നോട്ടുപോകാനെന്നും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. കൊവിഡ് തീവ്ര വ്യാപനം സംഭവിക്കുകയും മരണ നിരക്ക് കൂടുകയും ചെയ്താൽ സ്വകാര്യ മേഖലയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തെ ആശ്രയിച്ചേ തീരൂവെന്നും വിദഗ്ധസമിതി വ്യക്തമാക്കുന്നു. 

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും കൊവിഡ് ആശുപത്രികൾ ഓരോന്നിലും 100-ല്‍ അധികം ഐസിയു കിടക്കകളും ഓക്സിജൻ വെന്‍റിലേറ്റര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ കൊവിഡ് തീവ്രമാകുന്ന അവസ്ഥയില്‍ ചികില്‍സ നല്‍കുന്നതിലാണ് വെല്ലുവിളി. ക്രിട്ടിക്കല്‍ കെയര്‍ മേഖലയില്‍ അതിവിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ തീരെ കുറവ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാണ് ഇത്തരത്തില്‍ വിദഗ്ധരുള്ളതെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. തീവ്ര പരിചരണത്തിലെ വീഴ്ച മരണ നിരക്ക് കൂട്ടുമോ എന്നാണ് ആശങ്ക. 

പ്രായം കൂടിയ ആളുകളിലേയും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലേയും രോഗബാധ കൂടുകയാണ്. തീവ്ര പരിചരണം വേണ്ടവരുടെ എണ്ണവും കൂടി. മരണ നിരക്കും കൂടുന്നു. വരും ആഴ്ചകളും നിര്‍ണായകമാണ്.

വ്യാഴാഴ്ചയും 3349 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, തുടർച്ചയായി മൂന്നാംദിവസവും കേരളത്തിൽ പ്രതിദിനരോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലായിരുന്നു. ചൊവ്വാഴ്ച 3026 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ബുധനാഴ്ച 3402 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇന്നലെ രോഗം കണ്ടെത്തിയ 3349-ൽ 3058 പേർക്കും സമ്പർക്കം വഴിയാണ് രോഗം കണ്ടെത്തിയത്. ഇതിൽത്തന്നെ 226 പേർക്ക് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്നത് വ്യക്തമല്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 165 പേരും വിദേശത്ത് നിന്ന് എത്തിയ 50 പേരും 72 ആരോഗ്യപ്രവർത്തകരും എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് പ്രവർത്തകരും ഇന്നലെ കൊവിഡ് പോസിറ്റീവായി.