കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുടെ പേരിൽ പാർട്ടി അങ്ങേയറ്റം പ്രതിരോധത്തിലായിട്ടും രാജി വയ്ക്കാൻ തയ്യാറല്ലെന്ന് ആരോപണ വിധേയയായ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമള. പാർട്ടി യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോ‍ർട്ടുകളെല്ലാം പി കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേർന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പക്ഷേ പാർട്ടി പറഞ്ഞാൽ രാജി വയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കി. 

ഇപ്പോൾ ആന്തൂർ വിഷയം ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ചേരുകയാണ്. പി ജയരാജനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം ആന്തൂർ വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങളോട് പറയാനാണ് സാധ്യത. പി കെ ശ്യാമളയ്ക്ക് എതിരെ പാർട്ടിയിൽ തന്നെ അച്ചടക്ക നടപടി വന്നേക്കും. വിഷയത്തിൽ പി കെ ശ്യാമളയുടെ വിശദീകരണം പാർട്ടി തേടിയിരുന്നു.

ഈ യോഗത്തിന് ശേഷം പി കെ ശ്യാമള രാജി പ്രഖ്യാപിക്കുമെന്ന സൂചനയാണ് ഉണ്ടായിരുന്നത്. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് ചേരുമ്പോൾത്തന്നെ മാധ്യമങ്ങളെ കണ്ട പി കെ ശ്യാമള താൻ രാജി വയ്ക്കാൻ തയ്യാറല്ലെന്നും അത്തരം ഒരു സന്നദ്ധതയും ആരോടും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

പ്രവാസിയുടെ ആത്മഹത്യ പാർട്ടിയിൽ വലിയ വിവാദമാവുകയും കീഴ്‍ഘടകങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, ഇന്നലെ പാർട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. എം വി ഗോവിന്ദന്‍റെ അധ്യക്ഷതയിൽത്തന്നെയായിരുന്നു യോഗം. യോഗത്തിൽ എം വി ജയരാജനും പി ജയരാജനും ഒപ്പം പി കെ ശ്യാമളയും പങ്കെടുത്തു. വികാരാധീനയായാണ് യോഗത്തിൽ പി കെ ശ്യാമള സംസാരിച്ചത്. കരച്ചിലിന്‍റെ വക്കോളമെത്തിയാണ് ശ്യാമള മറുപടി പറഞ്ഞതെങ്കിലും രൂക്ഷമായ വിമർശനം ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായി. 

പാർട്ടിയിലെ ഈഗോ പ്രശ്നങ്ങളും ചേരിപ്പോരും ഒരു പ്രവാസിയുടെ ആത്മഹത്യയിലെത്തിച്ചെന്നും, സ്വപ്ന പദ്ധതിയെ ചുവപ്പുനാടയിൽ കുരുക്കിയിട്ടെന്നും ബിജെപിയും കോൺഗ്രസും വ്യാപക പ്രചാരണ വിഷയങ്ങളാക്കുന്നത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത് പാർട്ടിയെ അനാവശ്യമായി പ്രതിരോധത്തിലാക്കുകയായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു. ശ്യാമള ജില്ലാ കമ്മിറ്റി അംഗമായതിനാൽ വിഷയം അവിടെ ചർച്ച ചെയ്യാമെന്ന് നേതാക്കൾ ഉറപ്പ് നൽകി. തുടർന്നാണ് ഇപ്പോൾ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ആന്തൂർ വിഷയം ചർച്ചയാക്കുന്നത്.

പ്രശ്നം പാർട്ടിയിലെ ഈഗോ പോരോ?

എം വി ഗോവിന്ദൻ മാസ്റ്ററെയും മറികടന്ന് പി ജയരാജനിടപെട്ട് സാജന് അനുകൂലമായി ആദ്യഘട്ടത്തിൽ തീരുമാനം വന്നതിൽ മറുപക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് പദ്ധതിയെ തന്നെ ബാധിച്ചുവെന്നാണ് ആക്ഷേപം. ഇതേ ആന്തൂർ നഗരസഭയിലാണ് ഉഡുപ്പക്കുന്നിൽ ഇ പി ജയരാജന്‍റെ മകന് പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ട് കുന്നിടിച്ച് നിർമ്മാണം നടക്കുന്നത്. 

2018-ല്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ നോട്ടീസ് കിട്ടിയപ്പോള്‍  സാജന്‍റെ പരാതി പ്രകാരം സിപിഎം സബ് കമ്മറ്റിയെ നിയോഗിച്ച് പ്രശ്നം പഠിച്ചിരുന്നു. റിപ്പോര്‍ട്ട് സാജന് അനുകൂലമായിരുന്നു. ജില്ലാ കമ്മിറ്റി അഗം കൂടിയായ നഗരസഭാധ്യക്ഷ പി കെ ശ്യാമളയടക്കമുള്ളവര്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ മൊറാഴ, ബക്കളം എന്നിങ്ങനെ 4 ലോക്കല്‍ കമ്മറ്റികളില്‍ കൂടി സബ് കമറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

നിര്‍മ്മാണത്തില്‍ അസ്വാഭാവികതയില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഇത്. പി ജയരാജൻ മുന്‍കൈ എടുത്ത് നടത്തിയ അയ്യപ്പ സേവാ കോൺഗ്രസിന്‍റെ സാമ്പത്തിക ചെലവുകള്‍ വഹിച്ചിരുന്നത് സാജനായിരുന്നു. പി ജയരാജനുമായുള്ള സാജന്‍റെ അടുപ്പം അയാളെ എതിരാളിയായി കാണാന്‍ പി കെ ശ്യാമളയെ പ്രേരിപ്പിച്ചു എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍  .ചുരുക്കത്തില്‍ കണ്ണൂര്‍ പാര്‍ട്ടിയിലെ ചേരി തിരിവിന്‍റെ ഇരയാണ് സാജനെന്ന വാദം ബലപ്പെടുകയാണ്.

പാർട്ടിയുമായി അടുത്ത ബന്ധം നിലനിർത്തിയ സാജന്‍റെ ആത്മഹത്യയോടെ രണ്ടുനീതിയെന്ന തരത്തിൽ നഗരസഭക്കെതിരെ സിപിഎം ഗ്രൂപ്പുകളിൽപ്പോലും എതിർപ്പ് രൂക്ഷമാണ്. ആന്തൂർ നഗരസഭയിലെ സമാനമായ പദ്ധതികൾക്ക് നേരിട്ട തടസ്സങ്ങൾ വ്യക്തമാക്കി കൂടുതൽ പേർ രംഗത്ത് വരാനാണ് സാധ്യത.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍  ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്  സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെന്‍റ് ചെയ്തിരുന്നു.