തിരുവനന്തപുരം: ഡയറി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും പഞ്ചായത്തിന്‍റെയും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ മില്‍മയില്‍ അഫിലിയേറ്റ് ചെയ്യാത്ത സംഘങ്ങള്‍ക്കും മറ്റുള്ള കര്‍ഷകര്‍ക്കും ലഭിക്കുമെന്ന്  മന്ത്രി കെ രാജു. അതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഒരുദിവസം പാല്‍ സംഭരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. എന്നാല്‍ ക്ഷീരകര്‍ഷകരുടെ ബുദ്ധിമുട്ട് മനസിലാക്കി ഗവണ്‍മെന്‍റ് പാല്‍ സംഭരിക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിരുന്നു. വില്‍പ്പന കുറവെങ്കിലും പാല്‍ സംഭരിക്കണമെന്നതായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. തമിഴ്‍നാട്ടിലേക്ക് അമ്പതിനായിരം ലിറ്റര്‍ പാല്‍പ്പൊടിയാക്കാന്‍  കൊണ്ടുപോകാനും ഒരു ഫാക്ടറി അതിന് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറായി. 

വിതരണത്തിന് ആവശ്യമുള്ളതിനേക്കാള്‍ പാല്‍ നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സാഹര്യമായിരുന്നു. അതുകൊണ്ട് തന്നെ പാല്‍പ്പൊടി സംവിധാനത്തെ കുറച്ച് ചിന്തിച്ചിട്ടില്ല. 2012 ന് മുമ്പ് ആലപ്പുഴയില്‍ മില്‍മയുടെ ആഭിമുഖ്യത്തില്‍ പാല്‍പ്പൊടി ഫാക്ടറി നിര്‍മ്മാണം ആരംഭച്ചിരുന്നു. എന്നാല്‍ അവിടെ പാല്‍ സംഭരിക്കാന്‍ കഴിയാഞ്ഞതോടെ ഫാക്ടറി നിലച്ച് പോയി. അടുത്ത് തന്നെ പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കുന്ന നടപടികള്‍ ഉണ്ടാവും . വലിയ ചിലവ് വരുമെങ്കിലും അതിന് ആവശ്യമായ ഫണ്ട് കണ്ടെത്തും. പ്രാരംഭ ചര്‍ച്ചകള്‍ മില്‍മയുമായി നടത്തിയിട്ടുണ്ടെന്നും സ്ഥലങ്ങള്‍ കണ്ടെത്തിയെന്നും മന്ത്രി കെ രാജു പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ക്ഷീരകര്‍ഷക ക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വം എടുത്ത ക്ഷീരകര്‍ഷകര്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ ഉണ്ട്. പുതിയ ബജറ്റില്‍ 100 രൂപ കൂടി വര്‍ധിപ്പിച്ച് 1300 രൂപയായി പെന്‍ഷന്‍ ഉയര്‍ത്തി. ക്ഷീരകര്‍ഷകരുടെ അടക്കം ക്ഷേമപെന്‍ഷന്‍ കുടിശ്ശിക നല്‍കിയിട്ടുണ്ട്.  

മൃഗസംരക്ഷണ വകുപ്പും ക്ഷീര വകുപ്പും തീറ്റപുല്‍കൃഷി വ്യപനത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുന്നത് പശുക്കള്‍ക്ക് തീറ്റ പുല്ല് നല്ലവണ്ണം കൊടുക്കുമ്പോളാണ്. കൂടുതലായി ആശ്രയിക്കാന്‍ കഴിയുന്നത് തീറ്റപ്പുല്ലിനെയാണ്. ഒരു ഹെക്ടറില്‍ ഒരു കര്‍ഷകന്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് ഇരുപതിനായിരം രൂപ സബ്സിഡിയായി നല്‍കും. എല്ലാ വര്‍ഷവും ഇത് സര്‍ക്കാര്‍ നല്‍കും. ഒരു ഏക്കറിലാണ് കൃഷിയെങ്കിലും ആനുപാതികമായിട്ടുളള ധനസഹായം നല്‍കും. കന്നുകാലികളുടെ ആരോഗ്യത്തിനും പാല്‍ ഉല്‍പ്പാദനത്തിനും തീറ്റപ്പുല്ല് ഏറ്റവും അനുയോജ്യമാണെന്നും മന്ത്രി. 

കൊവിഡ് കാലഘട്ടത്തില്‍ കാലത്തീറ്റക്ക് സബ്സിഡി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഓരോ ചാക്ക് കാലത്തീറ്റ സൗജന്യമായി നല്‍കുന്ന പദ്ധതി തയ്യാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വനമേഖലയിലും മറ്റ് മൃഗപരിപാല രംഗത്തും ജാഗ്രതയോടുള്ള ഇടപെടലുകള്‍ നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെ എന്നതിനെ സംബന്ധിച്ച് പ്രോട്ടോക്കള്‍ തയ്യാറാക്കി പരസ്യപ്പെടുത്തിയിരുന്നു. പ്രത്യേകമായ ശ്രദ്ധ ഈ വിഷയത്തില്‍ വേണം. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കോ തിരിച്ചോ കൊവിഡ് പടര്‍ന്ന സംഭവം ഉണ്ടായിട്ടില്ല. പാലോട് നിയോഗിച്ച ഉന്നത ടീമില്‍ നിന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട്  ലഭിച്ചിരുന്നു. തെരുവ് നായ്ക്കള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം ഒരുക്കണം. 

അതേസമയം കേരളാ ഫീഡ്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ നടന്‍ ജയറാം അഭിനന്ദിച്ചു. കേരളാ ഫീഡ്‍സിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നും അംബാസിഡറായതില്‍ അഭിമാനമെന്നും ജയറാം മന്ത്രിയോട് പറഞ്ഞു.