തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ ചില സിനിമകളുടെ പ്രദർശനത്തിന് അനുമതി ലഭിച്ചില്ല. ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതിയില്ലാത്തത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിസന്ധി. ചില സിനിമകളുടെ പ്രദർശനത്തിന് അനുമതി ലഭിക്കാത്തതോടെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതിയില്ലാത്തത്. ഇതോടെ ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. നാളെ 8 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങിയേക്കും.
ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. `ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ' അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലാണ്. പലസ്തീൻ പാക്കേജിലെ 3 സിനിമകൾക്ക് പ്രദർശന അനുമതി കിട്ടിയിട്ടില്ല. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സമ്പ്ഷൻ അനിവാര്യമാണ്. അനുമതി കിട്ടാത്തതിനാൽ വിഖ്യാത ചിത്രങ്ങളുടെ അടക്കം പ്രദർശനം മുടങ്ങുന്ന സാഹചര്യമാണ്.
പ്രദർശന അനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമം ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. പേര് കണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കരുത് എന്ന് അടൂർ ഗോപാലകൃഷ്ണനും വിമർശിച്ചു.



