നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു. എറണാകുളത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ൻ്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള മുന്നറിയിപ്പും പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് നൽകി. ബിഎൽഓമാർ എസ്ഐആറിൽ രാഷ്ട്രീയം കാണിക്കരുതെന്നും അങ്ങനെ ചെയ്താൽ ജോലി കളയുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബിഎൽഓമാരോട് പറയണമെന്ന് പുതിയ ജനപ്രതിനിധികൾക്ക് വിഡി സതീശൻ നിർദേശം നൽകി.


