ഓണത്തിന് മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബോണസ് നല്‍കുമ്പോള്‍ ഇവര്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ഇതൊക്കെ അന്യമാണ്

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം സാമ്പത്തിക പ്രതിസന്ധിയില്‍. ആറ് മാസമായി സുരക്ഷാ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. കൊവിഡ് കാരണം വിദ്യാര്‍ത്ഥികളുടെ ഇന്‍റേൺഷിപ്പില്ല. സർക്കാർ സഹായം ലഭ്യമാക്കണമെന്ന് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാനസികാരോഗ്യ കേന്ദ്രത്തിൽ 12 ജീവനക്കാരാണ് കഴിഞ്ഞ ആറ് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. ഓണത്തിന് മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബോണസ് നല്‍കുമ്പോള്‍ ഇവര്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ഇതൊക്കെ അന്യമാണ്. ഏറ്റവും അപകടകരമായി ജോലി ചെയ്യുന്നവരോടാണ് ഈ അനീതി.

ആശുപത്രി വികസന സമിതിയാണ് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്. നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ഇന്‍റേൺഷിപ്പാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രധാന വരുമാന മാര്‍ഗം. കൊവിഡ് കാരണം ഒരു വര്‍ഷമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നില്ല. അതോടെ വരുമാനമടഞ്ഞു. ആശുപത്രിയിലെ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും പണമില്ല. സാമ്പത്തിക പ്രതിസന്ധി യാഥാര്‍ത്ഥ്യമാണെന്ന് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് അനില്‍കുമാര്‍ പറ‍ഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലാണ് മാനസികാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പേരൂർക്കടയിൽ മാത്രമല്ല മറ്റിടങ്ങളിലും പ്രതിസന്ധിയാണെന്നാണ് ജീവനക്കാർ പറയുന്നത്. പ്രശ്നം സർക്കാറിൻറെ ശ്രദ്ധയിൽപെടുത്തിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona