Asianet News MalayalamAsianet News Malayalam

മരണമടയായി മുതലപ്പൊഴി; മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ പരിമിതം, കോസ്റ്റല്‍ പൊലീസിന് ഒരു ബോട്ട് മാത്രം

സ്വന്തമായി ആകെ ഉള്ള 12 ടൺ ബോട്ടിന് പത്തുവർഷം പഴക്കമാണുള്ളത്. വിഴിഞ്ഞത്ത് ഉപയോഗിച്ച് പഴകിയതിന് ശേഷമാണ് അഞ്ചുതെങ്ങിൽ ബോട്ട് എത്തിച്ചത്. 

no security for fishermen in Muthalappozhi
Author
Trivandrum, First Published Aug 22, 2021, 4:31 PM IST

തിരുവനന്തപുരം: മരണപ്പൊഴിയായി മാറുന്ന മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷാ സംവിധാനങ്ങൾ പരിമിതം. കോസ്റ്റൽ പൊലീസിന്‍റെ പക്കലുള്ള ഒരേയൊരു ബോട്ട് ഒരു മാസത്തിലേറെയായി കേടായിരിക്കുകയാണ്.  നിയമസഭയിൽ അടക്കം മുതലപ്പൊഴിയിലെ അപകടങ്ങൾ ചർച്ചയാകുമ്പോഴും മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായുള്ള ഒരു നടപടിയും ഇനിയുമായിട്ടില്ല. സെന്‍റ് ആൻഡ്രൂസ് തീരം മുതൽ കൊല്ലം കാപ്പിൽ വരെ നീളുന്ന 37 കിലോമീറ്ററിന്‍റെ ചുമതലയും ഏറ്റവും അധികം മത്സ്യത്തൊഴിലാളികള്‍ അപകടത്തിൽപ്പെടുന്ന മുതലപ്പൊഴിയടക്കമുള്ള അപകടമേഖലകളുടെ ചുമതലയുമുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്‍റെ അവസ്ഥ ദയനീയമാണ്. 

സ്വന്തമായി ആകെ ഉള്ള 12 ടൺ ബോട്ടിന് പത്തുവർഷം പഴക്കമാണുള്ളത്. വിഴിഞ്ഞത്ത് ഉപയോഗിച്ച് പഴകിയതിന് ശേഷമാണ് അഞ്ചുതെങ്ങിൽ ബോട്ട് എത്തിച്ചത്. അറ്റക്കുറ്റപ്പണിക്കായി റിപ്പയറിംഗ് കേന്ദ്രത്തിലേക്ക് ബോട്ട് കയറ്റിയതോടെ ഒരു മാസമായി മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ ബോട്ടിലാണ് തെരച്ചിലും പെട്രോളിംഗും എല്ലാം. പ്രതികൂല കാലാവസ്ഥയെങ്കിൽ കാര്യമായ തെരച്ചിൽ നടക്കില്ല. എന്തെങ്കിലും അപകടമുണ്ടായാൽ കോസ്റ്റ്ഗാർഡ് വിഴിഞ്ഞത്ത് നിന്നെത്തണം. അതിനും ഒരു മണിക്കൂറിൽ കൂടുതൽ വേണം. 

അശാസ്ത്രീയ ഹാർബർ നിർമാണം കൊണ്ട് മാത്രമല്ല മുതലപ്പൊഴി മരണപ്പൊഴിയാകുന്നത് ഇങ്ങനെയൊക്കെ കൂടിയാണ്. മുതലപ്പൊഴിയിൽ അറുപതിലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് തീരദേശവാസികളുടെ കണക്ക്. രണ്ടുപേരുടെ മൃതദേഹം ഇനിയും കിട്ടാനുണ്ട്. പക്ഷെ സർക്കാരിന്‍റെ കണക്കിൽ 2016 മുതൽ ആകെ 16 പേരാണ് മരിച്ചത്. അഞ്ചുതെങ്ങ് സ്റ്റേഷൻ പരിധിയിൽ വാട്ടർ ആംബുലൻസ് വേണമെന്ന ആവശ്യത്തിനും ഒരുപാട് കാലപ്പഴക്കമുണ്ട്.  കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ സമ്മതിക്കുമ്പോഴും, മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോകുന്നതാണ് അപകടം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞൊഴിയുകയാണ് അധികൃതർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios