തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയെ വിമർശിച്ച ധനമന്ത്രിയെ തിരുത്തി സിപിഎം. പരസ്യപ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ കുറ്റപ്പെടുത്തൽ. ധനമന്ത്രിയെ തള്ളി മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയും രംഗത്തെത്തി. പരസ്യ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും സർക്കാരിനും പാർട്ടിക്കും എതിരെ ഉപയോഗിക്കപ്പെടുമെന്നുമായിരുന്നു വിജയരാഘവന്‍റെ പ്രതികരണം. മുഖ്യമന്ത്രി വിശദീകരിച്ചതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ ആഭ്യന്തരവകുപ്പിനെതിരെ പരസ്യമായി കലാപക്കൊടി ഉയർത്തിയ തോമസ് ഐസക്ക് പാർട്ടിയിൽ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ധനമന്ത്രിയുടെ പരസ്യ പ്രതികരണമാണ് വിവാദത്തിന് കാരണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്ന വിമർശനം. ഗൂഡാലോചന ആരോപിച്ച് ആനത്തലവട്ടം ആനന്ദനെതിരെയും വിമർശനം ഉണ്ടായി. പേരെടുത്ത് പറയാതെയുള്ള സെക്രട്ടറിയേറ്റിന്‍റെ വാർത്താക്കുറിപ്പ് ഐസക്കിന്‍റെയും ആനത്തലവട്ടത്തിന്‍റെയും ആക്ഷേപങ്ങൾ തള്ളുന്നു. പരിശോധനയെകുറിച്ചുള്ള ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനങ്ങൾക്കും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കുറ്റപ്പെടുത്തൽ.

എന്നാൽ പരിശോധനയിലെ അതൃപ്തി സെക്രട്ടറിയേറ്റിൽ ആവർത്തിച്ച തോമസ് ഐസക് വിവാദങ്ങൾക്കുള്ള മറുപടി തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പറയുമെന്ന് വ്യക്തമാക്കി. വിജിലൻസിന് എതിരായ പഴയ നിലപാടിൽ ഉറച്ചു നിൽക്കുന്നില്ല. തന്‍റെ പ്രസ്താവന വിവാദങ്ങൾക്ക് കാരണം ആയെന്നും മന്ത്രി പറഞ്ഞു. തല്‍ക്കാലക്കത്തേക്ക് പരസ്യപ്പോര് നിർത്തിയെങ്കിലും പാർട്ടിക്കുള്ളിൽ പോര് തുടരുമെന്ന സൂചന ഐസക്ക് നൽകുന്നതും ശ്രദ്ധേയമാണ്.