നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചത്. ശാസ്ത്രക്രിയ മാറ്റിവെച്ച രോഗികളിൽ ചിലർ മറ്റിടങ്ങളിൽ ചികിത്സ തേടി
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ അടിയന്തര യോഗം വിളിച്ചു. വിവിധ വകുപ്പ് മേധാവികളുമായി നാളെ രാവിലെ ചർച്ച നടത്തും. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെയാണ് യോഗം.
നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിവെച്ചത്. ശാസ്ത്രക്രിയ മാറ്റിവെച്ച രോഗികളിൽ ചിലർ മറ്റിടങ്ങളിൽ ചികിത്സ തേടി. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താത്കാലികമായി കരാർ നീട്ടി നീട്ടി, പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായി.ബാക്കിയുണ്ടായിരുന്ന സ്റ്റോക്കും എടുത്തുകൊണ്ടുപോയി.
ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്ച തന്നെ ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. മുമ്പും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതിനൊടുവിലായിരുന്നു കത്ത്. എന്നിട്ടും മാനേജ്മെന്റ് അനങ്ങിയിട്ടില്ല. ഇതുവരെ കരാറുകൾ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല. കേന്ദ്രപദ്ധതിയായ അമൃതിൽ ചേർന്ന് ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമവും നടത്തിയില്ല. രോഗികളുടെ ജീവൻ വച്ച് പന്താടുമ്പോഴും ഒരു വിശദീകരണത്തിനും ശ്രിചിത്ര അധികൃതർ തയ്യാറാവുന്നില്ല. ഉത്തരേന്ത്യക്കാരനായ ഡയറക്ടറും ഡോക്ടർമാരടക്കമുള്ള ജീവനക്കാരും തമ്മിലെ ഭിന്നതകളും പ്രശ്നത്തിൻറെ കാരണമാണ്.
