സമസ്തയുടെ നാലംഗ സമിതിക്ക് സമയം നൽകിയില്ല, സാദിഖലി തങ്ങൾ വിദേശത്തേക്ക്; സമസ്ത- ലീഗ് ചർച്ച പ്രതിസന്ധിയിൽ
ഇനി എന്ന് ചർച്ച നടക്കുമെന്ന ഉറപ്പ് നൽകാൻ ലീഗ് നേതൃത്വം തയ്യാറായില്ല. തട്ടം വിഷയത്തിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ പരാമർശങ്ങളാണ് സമസത്-ലീഗ് പുതിയ തർക്കത്തിന് കാരണമായത്. ഈ വിഷയത്തിൽ ലീഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു.
കോഴിക്കോട്: സമസ്ത ലീഗ് പ്രശ്ന പരിഹാര ചർച്ച പ്രതിസന്ധിയിൽ. പ്രശ്ന പരിഹാരത്തിനായി സമസ്ത ചുമതലപ്പെടുത്തിയ 4 അംഗ സമിതിക്ക് സമയം നൽകാതെ പാണക്കാട് തങ്ങൾ വിദേശത്തേക്ക് പോയതായാണ് വിവരം. ഇനിയെന്ന് ചർച്ച നടക്കുമെന്ന ഉറപ്പ് നൽകാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. തട്ടം വിഷയത്തിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ പരാമർശങ്ങളാണ് സമസത്-ലീഗ് പുതിയ തർക്കത്തിന് കാരണമായത്. സലാമിൻ്റെ വിമർശനങ്ങൾക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിൽ ലീഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു.
സമയവായ ചർച്ച ഇന്ന് നടക്കുമെന്നായിരുന്നു നേരത്തെ ധാരണയുണ്ടായിരുന്നത്. എന്നാൽ സാദിഖലി തങ്ങൾ ഇന്നലെ ഖത്തറിലേക്ക് പോവുകയായിരുന്നു. അതേസമയം, ചർച്ച ഇനി എന്ന് നടത്തുമെന്ന ഉറപ്പൊന്നും ലീഗ് നൽകിയിട്ടുമില്ല. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് ധാരണയുണ്ടാക്കിയ ശേഷം ചർച്ച എന്നായിരുന്നു ആദ്യമുള്ള സൂചന. എന്നാൽ ഇപ്പോൾ ലീഗിന് അത്തരം നീക്കങ്ങളിൽ താല്പര്യമില്ല. ലീഗ് വിരുദ്ധ പ്രസ്താവന നടത്തുന്ന ഉമർഫൈസി മുക്കത്തെയടക്കം സമസ്തയുടെ സംഘത്തിൽ ഉൾപ്പെടുത്തിയതിൽ പാർട്ടിക്ക് എതിർപ്പുണ്ട്. മാത്രവുമല്ല സമസ്ത പ്രധാന പ്രശ്നങ്ങളെ വഴിതിരിച്ച് വിട്ട് ലീഗിനെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് വിലയിരുത്തൽ.
പി.എം.എ സലാമിന്റെ പരാമർശം; പ്രതിഷേധവുമായി സമസ്ത, സാദിഖലി തങ്ങളെ കാണാൻ മുശാവറയിൽ നിന്ന് നാലുപേർ
വഖഫ്- സിഐസി പ്രശ്നങ്ങളും ഒടുവിലായുണ്ടായ തട്ടം വിവാദവും ലീഗിന് തിരിച്ചടിയായി മാറിയത് ജിഫ്രി തങ്ങളുടെ നിലപാട് കാരണമായിരുന്നു. ഇക്കാര്യത്തിലൊക്കെ ലീഗ് ഒടുവിൽ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയുണ്ടായി. സമസ്തയിൽ ഒരു വിഭാഗം പാണക്കാട് തങ്ങളെ അംഗീകരിക്കാത്ത സാഹചര്യവുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ സമവായ ചർച്ച കൊണ്ട് കാര്യമില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. സിഐസി ഭാരവാഹി സ്ഥാനത്ത് നിന്ന് പാണക്കാട് തങ്ങളെ രാജിവെപ്പിക്കാനുള്ള ചരടുവലിയാണ് ഇപ്പോൾ സമസ്ത നടത്തുന്നത്. ചുരുക്കത്തിൽ സിപിഎം ആഗ്രഹിക്കുന്നത് പോലെ ഭിന്നിച്ച് നിൽക്കാനാണ് സമസ്ത അനുകൂലികളുടെ ശ്രമമെന്ന് നേതാക്കൾ കരുതുന്നു. അങ്ങനെയെങ്കിൽ ഭിന്നിപ്പ് തുടർന്ന് സമസ്തയിൽ പിളർപ്പ് ഉണ്ടാകാനുള്ള സാധ്യതയും ലീഗ് കാണുന്നു. നേരത്തെ ഇകെ എപി സുന്നി പിളർപ്പ് ഉണ്ടായപ്പോൾ സിപിഎം സഹായത്തോടെയാണ് എ പി സുന്നിവിഭാഗം സ്വാധീനം നിലനിർത്തിയത്. സമസ്തയിൽ ഒരു വിഭാഗത്തിന് ഇപ്പോൾ കെടി ജലീലും മുഖ്യമന്ത്രിയടക്കമുള്ളവർ പിന്തുണ വാഗ്ദാനം ചെയ്തതായും ലീഗ് കരുതുന്നു.
https://www.youtube.com/watch?v=Ko18SgceYX8