തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം എം ഉമ്മർ എംഎൽഎ അവതരിപ്പിക്കുന്നു. സ്പീക്കർക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാൽ സാങ്കേതിക വാദങ്ങൾ ഉയർത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. സഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാൽ പ്രമേയം അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് എഴുന്നേറ്റു.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു. മാധ്യമവാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് എംഎൽഎ പറഞ്ഞു. അതിനിടെ തന്റെ വാദത്തെ എം ഉമ്മർ കളിയാക്കിയതിനെ മന്ത്രി ജി സുധാകരൻ എതിർത്തു. തലയിൽ കയറാൻ വരണ്ട എന്ന് എംഎൽഎ മറുപടി പറഞ്ഞത് സഭയിൽ ബഹളത്തിന് കാരണമായി.

നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തുവെന്ന് ഉമ്മർ ആരോപിച്ചു. അത് നിയമസഭയിൽ കയറാനുള്ള പാസെടുക്കാൻ വേണ്ടിയായിരുന്നില്ലല്ലോ. സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സ്പീക്കർ തടയാൻ ശ്രമിച്ചു. നിയമസഭ തീർന്നാൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രമേയം വ്യക്തിപരമോ രാഷ്ട്രീയ പ്രേരിതമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ശങ്കര നാരായണൻ തമ്പി ഹാൾ നവീകരിച്ചത് 100 കോടിയിലേറെ ചെലവഴിച്ചാണ്. സ്പീക്കറായിരിക്കെ ശ്രീരാമകൃഷ്ണൻ വരുത്തിവച്ച ദുർഗന്ധം ഒരിക്കലും മായില്ലെന്നും ഉമ്മർ ആരോപിച്ചു. 

അവിശ്വാസ പ്രമേയം സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് കൊണ്ടെന്ന് എസ് ശർമ

പ്രതിപക്ഷ നേതാവിന് എതിരായ അന്വേഷണത്തിനു അനുമതി നൽകിയത് കൊണ്ടാണ് സ്പീക്കർക്ക് എതിരെ പ്രമേയം കൊണ്ട് വരുന്നത് ശർമ ആരോപിച്ചു. സ്പീക്കർ കുറ്റം ചെയ്തുവെങ്കിൽ അന്വേഷണ ഏജൻസികൾ വെറുതെ ഇരിക്കുമോ? സഭ ടിവി തെറ്റാണോ? എവിടെയാണ് അഴിമതിയെന്ന് എസ് ശർമ ചോദിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി കൊടുത്തത്.

ഏത് നടപടി ക്രമത്തിലും അഴിമതി കാണാനാവില്ല. അവിശ്വാസ പ്രമേയത്തിൽ ഉമ്മർ പറഞ്ഞ തെളിവ് എവിടെയാണ്? സ്പീക്കർ ചെയ്ത തെറ്റെന്താണ്? സ്വപ്നയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തതാണെങ്കിൽ പ്രതിപക്ഷ നേതാവ് ചെയ്തതും സമാനമായ തെറ്റല്ലേ. തന്നിഷ്ടം പോലെ വിശദീകരിച്ച് തെറ്റായ വാദം ഉന്നയിച്ചാൽ ജനം മാപ്പ് നൽകില്ല. ഊരാളുങ്കലിനെ ടോട്ടൽ സർവീസ് പ്രൊവൈഡറായി അനുവദിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്.

ശങ്കരനാരായണൻ തമ്പി ഹാളിനെ വിവിധ പരിപാടികൾക്ക് ഉപയോഗിക്കാവുന്ന ഓഡിറ്റോറിയമാക്കി മാറ്റി. അതിന്റെ സർവകക്ഷി യോഗത്തിൽ തീരുമാനത്തെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് എസ് ശർമ പറഞ്ഞു. സ്വപ്നയുടെ സ്വഭാവം അറിയുമായിരുന്നെങ്കിൽ പ്രതിപക്ഷ നേതാവും ശ്രീരാമകൃഷ്ണനും അവരോട് സംസാരിക്കുമായിരുന്നില്ലെന്നും ശർമ പറഞ്ഞു. ഈ പ്രസംഗത്തിനിടെ താൻ ക്ഷണിച്ചിട്ടല്ല സ്വപ്ന ഇഫ്താർ പാർട്ടിക്ക് വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഈ വാദം കളവാണെന്ന് എ പ്രദീപ് കുമാർ എംഎൽഎ ആരോപിച്ചു.

അവിശ്വാസ പ്രമേയം അപൂർവം

വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്.

പ്രമേയം അനുവദിക്കരുതെന്ന് ഭരണപക്ഷം

പ്രമേയം ചട്ട വിരുദ്ധം എന്ന് എസ് ശർമ എംഎൽഎ പറഞ്ഞു. പ്രമേയം രാഷ്ട്രീയ പ്രേരിതം ആകരുത്, വ്യക്തമാകണമെന്നാണ് ലോക്‌സഭാ ചട്ടം പറയുന്നത്. അഭ്യൂഹങ്ങൾ കൊണ്ട് സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനാകില്ല. പ്രമേയം പത്രവാർത്തയെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രമേയം നിലനിൽക്കില്ല. എൻഐഎ സംശയിക്കുന്നത് കൊണ്ട് ഒരാൾ കുറ്റക്കാരനാവില്ല. ആരോടെങ്കിലും സ്പീക്കർക്ക് വ്യക്തിപരമായ ബന്ധമുള്ളത് തെറ്റാവില്ല. ഒരു പ്രതിയുടെ വർക് ഷാപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കറുടെ സാന്നിധ്യം ഉണ്ടായതായി പറയുന്നു. ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്. ജനുവരി നാലിനാണ് എം ഉമ്മർ നോട്ടീസ് നൽകിയത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന് സ്പീക്കർക്ക് നോട്ടീസോ അറിയിപ്പോ കിട്ടിയിട്ടില്ല. ഇത് അഭ്യൂഹം മാത്രമാണ്. ധൂർത്തും അഴിമതിയും വ്യക്തമല്ല. നോട്ടീസിൽ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നും എസ് ശർമ്മ ആവശ്യപ്പെട്ടു.

ആരോപണം മാത്രമെന്ന് മന്ത്രി സുധാകരൻ

നോട്ടീസിൽ തെളിവില്ല, ആരോപണം മാത്രമേയുള്ളൂവെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു പ്രാഥമിക അന്വേഷണം പോലും സ്പീക്കർക്കെതിരെ നടന്നിട്ടില്ല. സബ്ജക്ടീവായി ആരോപണം ഉന്നയിക്കണം. നോട്ടീസ് തെറ്റാണ്, ഒരുതരത്തിലും തെളിവില്ലാത്തതാണ്. കട ഉദ്ഘാടനം ചെയ്തത് തെറ്റാണോ അല്ല. നിയമത്തിന് വിരുദ്ധമാണ് പ്രമേയമെന്നും മന്ത്രി പറഞ്ഞു. എസ് ശർമ്മ ഉന്നയിച്ചത് ശരിയായ കാര്യങ്ങളാണെന്ന് ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. സ്പീക്കർക്കെതിരായ പ്രമേയം ആയതിനാൽ അതിന്റെ സാങ്കേതികത്വങ്ങളിലേക്ക് കടക്കാതെ പ്രമേയം അനുവദിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.