യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

തിരുവനന്തപുരം : സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിൽ. ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തുവെന്നും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാ വർക്കർമാരോട് പറഞ്ഞു. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കേരളം കൈമാറിയിരുന്നുവെന്നും 2023-24 സാമ്പത്തിക വർഷം കോബ്രാൻഡിങ്ങിന്റെ പേരിൽ തടഞ്ഞ പണം തന്നില്ലെന്നുമുള്ള കേരളത്തിന്റെ വാദം മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ കള്ളം പറയുമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കണം. കേന്ദ്രത്തിൽ നിന്നും സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സി ഐ ടി യു നേതാവിനെ അവഹേളനം സമരക്കാർ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അത് കാര്യമാക്കേണ്ടതില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. 

 യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൈമാറിയിരുന്നുവെന്ന് കേരളം 

2023 -24 സാമ്പത്തിക വർഷത്തിൽ വിവിധ എൻ എച്ച് എം പദ്ധതികൾക്ക് പണം ചെലവാക്കിയതിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രി വീണാ ജോർജ് സഭയിൽ വച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചുവെന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് വാർത്താക്കുറിപ്പിൽ വീണാ ജോർജ് വ്യക്തമാക്കി. 

കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ നല്‍കിയ രേഖകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വച്ചു.

2023-24 വര്‍ഷത്തില്‍ എന്‍.എച്ച്.എം.ന് കേന്ദ്രം നല്‍കാനുള്ള തുക സംബന്ധിച്ച് 27.11.2023, 24.06.2024, 17.10.2024 എന്നീ തീയതികളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും, സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷന്‍ നാഷണല്‍ മിഷനും കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24 വര്‍ഷത്തില്‍ കേന്ദ്ര വിഹിതം നല്‍കാനുണ്ട് എന്നുള്ളത് വ്യക്തമാണ്.

എന്‍എച്ച്എമ്മിന്റെ ആശ ഉള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരുന്നില്ല. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ ബാക്കി 636.88 കോടി രൂപ അനുവദിച്ചിട്ടില്ല.