അടൂർ പോലീസ് സ്റ്റേഷനിൽ യൂട്യൂബർ രാജനെ ആക്രമിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. എന്നാൽ യൂത്ത് കോൺഗ്രസുകാർ യൂട്യൂബറെ കയ്യേറ്റം ചെയ്യുന്നതിന്റെയും ശ്രീനാദേവി വെല്ലുവിളിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ എസ് യു നേതാവ് ഫെനി നൈനാനും രംഗത്ത്. പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്. സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു. സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു. സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി പി എം നേതാക്കൾ അധഃപതിച്ചതായി ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. എൽ ഡി എഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സി പി എം പ്രകടിപ്പിക്കുന്നത്. സി പി എം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും തനിക്ക് ഇപ്പോൾ പൊലീസിൽ നിന്ന് നീതി ലഭിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
അതേസമയം കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ യൂട്യൂബ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ ആയിരുന്നു കയ്യേറ്റവും സ്റ്റേഷനുള്ളിൽ കയറിയുള്ള വെല്ലുവിളിയും. പൊലീസ് കസ്റ്റഡിയിലുള്ള യൂ ട്യൂബർ രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസുകാർ കയ്യേറ്റം ചെയ്യുന്നതും പരാതിക്കാരിയായ കോൺഗ്രസ് നേതാവ് ശ്രീനാദേവി പിന്നീട് സ്റ്റേഷനുള്ളിൽ കയറി വെല്ലുവിളിക്കുന്നതും ആണ് ദൃശ്യങ്ങളിൽ ഉള്ളത്. എല്ലാത്തിനും പൊലീസിന്റെ ഒത്താശയുണ്ടെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇക്കഴിഞ്ഞ ജൂലൈ 11 നടന്ന സംഭവത്തിന്റെ പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നത്. രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഭവത്തിൽ അന്ന് തന്നെ കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 20 പേർ എന്ന രീതിയിൽ മാത്രമായിരുന്നു കേസ്. വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ശ്രീനാദേവിക്കും ഫെന്നി അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും എതിരെ ശക്തമായ നടപടി വേണമെന്നാണ് സി പി എം ആവശ്യം.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക





