ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണം ശക്തമായതോടെ കുട്ടനാട്ടിൽ നെല്ല് സംഭരണം നിലച്ചു . പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിന്ന് നെല്ല് സംഭരിക്കാൻ ലോറികൾ എത്തുന്നില്ല. നിരവധി പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. സപ്ലൈകോയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മില്ലുടകൾ നെല്ല് സംഭരിക്കുന്നത്. എന്നാല്‍ വാഹനങ്ങൾ കിട്ടാതായതോടെ നെല്ല് സംഭരണം നിലയ്ക്കുകയായിരുന്നു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. 

കൊവിഡ് നിർദേശങ്ങൾ ലംഘിച്ചതിന് 280 ലധികം കേസുകളാണ് ഇന്നലെ ആലപ്പുഴ ജില്ലയിൽ രജിസ്റ്റർ ചെയ്തത്. നിരോധനാഞ്ജ കൂടി നിലവിൽ വന്നതോടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുകയാണ് പൊലീസ്. കൊവിഡ് രോഗം സ്ഥിരീകരിച്ച യുവാവിനെ, മികച്ച പരിചരണം ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഖത്തറിൽ നിന്ന് ഗോവയിലെത്തി, അവിടെ നിന്നും ട്രെയിൻ മാർഗമാണ് ഇയാള്‍ ആലപ്പുഴയിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ വച്ചുതന്നെ  ആരോഗ്യവകുപ്പ് ജീവനക്കാർ ഇയാളെ പരിശോധിച്ച ശേഷം നിരീക്ഷണിത്തിലാക്കിയിരുന്നു.