'നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാകില്ല'; 9 വയസുകാരിയെ ദുരിതത്തിലാക്കിയ അപകടത്തിൽ ഹൈക്കോടതി ഇടപെടൽ
സബ് കളക്ടറെ കൂടി കേസിൽ സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. കേസ് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
കോഴിക്കോട്: കോഴിക്കോട് വടകരയിലെ വാഹനാപകടത്തിൽ 9 വയസ്സുകാരി ഏഴുമാസത്തോളമായി കോമ അവസ്ഥയിലായ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ സ്വമേധയ എടുത്ത കേസ് പരിഗണിച്ച ഹൈക്കോടതി ഒമ്പതു വയസുകാരി ദൃഷാനയ്ക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാനും നിർദേശം നല്‍കി.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കമാണ് നിർദേശം. സബ് കളക്ടറെക്കൂടി കേസിൽ സ്വമേധയാ കക്ഷി ചേർത്തു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ദേശീയപാത ചോറോട് ഫെബ്രുവരി 17 നടന്ന അപടകത്തില്‍ ഗുരുതരപരുക്കേറ്റ് ഏഴു മാസത്തോളമായി കോമ അവസ്ഥയിലായ ഒമ്പതുവയസുകാരി ദൃഷാനയുടെ ദുരിതത്തെക്കുറിച്ചും ഇടിച്ചിട്ട കാര്‍ കണ്ടെത്താനാവാത്ത പൊലീസ് അനാസ്ഥയെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് നിരന്തരം വാര്‍ത്തകള്‍ നല്‍കയിരുന്നു.
തുടര്‍ന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടത്. ജസ്റ്റിസ് പിജി അജിത് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ കുഞ്ഞിന്റെ മുത്തശ്ശി ബേബി തല്‍ക്ഷണം മരിച്ചിരുന്നു.