മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം കൂടിയാണ് സോളമന്‍.
ആലപ്പുഴ: ആലപ്പുഴ നൂറനാട് സിപിഎൈ - കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വക്കറ്റ് സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സി പി ഐ പ്രവർത്തകരെയും പൊലീസിനെയും അക്രമിച്ച കേസിൽ ഡിസിസി ജനറൽ സെക്രട്ടറി മനോജ് ശേഖർ ഉൾപ്പെടെ അഞ്ച് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
നൂറനാട് ബ്ളോക്ക് കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതാണ് നൂറനാട്ടെ സിപിഐ-കോൺഗ്രസ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസ് പ്രവർത്തകർ ഇത് ബലമായി പിഴുത് മാറ്റിയതോടെ ഇരുപക്ഷവും ഏറ്റുമുട്ടി. കൊടി പിഴുതി മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് തകർത്തതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു. ഈ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തതിനാണ് മാവേലിക്കര ജില്ലാ കോടതി പബ്ലിക് പ്രോസിക്യൂട്ടറും സി പി ഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ പ്രതി ചേർത്തത്. കോൺഗ്രസ് ഓഫീസിന് മുന്നിൽ വെച്ച് ഇയാൾ ആക്രമണത്തിന് നിർദ്ദേശിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സോളമനെ കേസില്‍ പ്രതി ചേർത്തത്. നൂറനാട് പൊലീസ് സ്‌റ്റേഷനിൽ ഹാജരായ സോളമനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെങ്കിലും സോളമനെതിരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പ് മാത്രം ചുമത്തിയതതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇതിനിടെ, സി പി ഐ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർ കൂടി അറസ്റ്റിലായി. ഡി സി സി ജന സെക്രട്ടറി മനോജ് ശേഖർ, ഐഎന്‍ടിയുസി നൂറനാട്, ചുനക്കര മണ്ഡലം പ്രസിഡന്‍റുമാരായ സുനിൽ കുമാർ, ചന്ദ്രശേഖരൻ, യൂത്ത് കോൺഗ്രസ് മാവേലിക്കര മണ്ഡലം പ്രസിഡന്‍റ് മനു ഫിലിപ്പ്,ചുനക്കര പഞ്ചായത്ത് അംഗം പി എം രവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായ കോൺഗ്രസുകാരുടെ എണ്ണം 7 ആയി. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയെ സമീപിക്കും.
Also Read: നൂറനാട് വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം, പൊലീസ് ലാത്തി വീശി
