Asianet News MalayalamAsianet News Malayalam

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ  ജാഗ്രത പാലിക്കണം ;നോര്‍ക്ക റൂട്ട്‌സ് 

വിദേശ യാത്രക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രം വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തണം.ശമ്പളം അടക്കമുള്ള സേവന വേതന വ്യവസ്ഥകള്‍  അടങ്ങുന്ന തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കണം. 

nork roots warns of job fraud abroad
Author
Thiruvananthapuram, First Published Jun 30, 2022, 5:39 PM IST

തിരുവനന്തപുരം;മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.വിദേശ യാത്രക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ  വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.in-ല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.  
അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം. 

തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉദ്യോഗാര്‍ഥി ഉറപ്പുവരുത്തണം. ശമ്പളം അടക്കമുള്ള സേവന വേതന വ്യവസ്ഥകള്‍  അടങ്ങുന്ന തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനം ചെയ്ത ജോലിയാണ് വിസയില്‍ കാണിച്ചിരിക്കുന്നതെന്നു ഉറപ്പു വരുത്തണം. വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുന്‍പു, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്ട്ട് ഉടമകള്‍, നോര്‍ക്കയയുടെ പ്രീ- ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഇ.സി.ആര്‍ പാസ്‌പോര്ട്ട് ഉടമകള്‍ക്ക്, കേന്ദ്രസര്‍ക്കാരിന്റെ ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടല്‍ മുഖാന്തിരം തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്.സന്ദര്‍ശക വിസ നല്കിയാണ് അനധികൃത റിക്രൂട്ടിങ് ഏജന്റ്റുകള്‍ ഇവരെ കബളിപ്പിക്കുന്നത്.വിദേശ തൊഴിലുടമ ഇവരുടെ സന്ദര്‍ശ വിസ തൊഴില്‍ വിസയാക്കി നല്‍കുമെങ്കിലും, തൊഴില്‍ കരാര്‍ ഇ-മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല . ഇക്കാരണത്താല്‍ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലര്‍ക്കും വേതനം, താമസം,മറ്റു അര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കുകയും തൊഴിലിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരികയും ചെയ്യും.  കര്‍ശന ജാഗ്രത പാലിച്ചെങ്കില്‍ മാത്രമേ വിസ തട്ടിപ്പുകള്‍ക്കും അതുമൂലമുണ്ടാവുന്ന തൊഴില്‍പീഡനങ്ങള്‍ക്കും അറുതി വരുത്താന്‍ സാധിക്കൂവെന്ന് നോര്‍ക്ക സി.ഇ.ഒ പത്രക്കുറിപ്പില്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios