പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് നാട്ടിലെത്തിക്കാൻ നോർക്ക ഒരു മാസം മുൻപേ ശ്രമം തുടങ്ങിയെന്ന നിർണായക വിവരവും പുറത്തുവന്നു.
തിരുവനന്തപുരം: ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ ഒരു മാസം മുമ്പേ ഇടപെട്ട് നോർക്ക. കഴിഞ്ഞ മാസം നോർക്ക സംസ്ഥാന സർക്കാരിന് അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബ്രൂണേയിൽ ആരോഗ്യ പ്രശ്നമുള്ള മലയാളിയെ നാട്ടിൽ എത്തിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ബ്രൂണേയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നോർക്കയുടെ ഇടപെടൽ. ദാമോദര മേനോന്റെ പാസ്പോർട് നമ്പർ അടക്കം കത്തിലുണ്ട്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് കത്തയച്ചത്.
പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിന്റേതെന്ന് പേരിൽ ദാമോദര മേനോന്റെ ചിത്രം പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സുകുമാര കുറുപ്പ് ബ്രൂണോയിൽ വ്യാജ പേരിൽ ജീവിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. വാർത്തയോടൊപ്പം പ്രചരിച്ച ചിത്രം സുകുമാര കുറുപ്പിന്റേതാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ ചിത്രവും, കുറുപ്പിന്റേതാണെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോൻ എന്നയാളുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.
40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.
