പ്രവാസി ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ലെന്നും ഇൻഷുറൻസ് കമ്പനികൾക്കും വലിയ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

തിരുവനന്തപുരം: പ്രവാസി ഇൻഷുറൻസ് പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇൻഷുറൻസ് കമ്പനികൾക്കും വലിയ നഷ്ടമുണ്ടായി. കഴിഞ്ഞ തവണ എടുത്തിരുന്ന ന്യു ഇന്ത്യ ഇൻഷുറൻസ് ക്വട്ടേഷൻ തന്നില്ല. ക്ഷേമനിധിയിൽ 700 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. പ്രവാസി സംഘടനകൾ കൂടി ഇക്കാര്യത്തിൽ ഇടപെടണം. മൂന്നുമാസത്തെ പെൻഷൻ നൽകാനുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

ഇൻഷുറൻസ് പദ്ധതി തയ്യാറാക്കിയപ്പോൾ ഘടനാപരമായ തകരാറുകൾ ഉണ്ടായിരുന്നു. ആകെ അഞ്ച് ലക്ഷം രൂപയുടെ കവറേജ് മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ നിലവിൽ രോഗം ഉള്ളവരെയും പരിഗണിച്ചിരുന്നു. ഇതേ തുടർന്ന് വലിയ തുക ക്ലെയിം നൽകേണ്ടിവന്നു. നോർക്ക കെയറിൽ ശേഖരിച്ച തുക 145 കോടി രൂപയാണ്. എന്നാൽ അനുവദിച്ച ക്ലെയിം 210 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

1,32,000 പേരാണ് ഇൻഷുറൻസ് പദ്ധതിയിൽ എൻറോൾ ചെയ്തത്. കാൻസർ പോലുള്ള ചികിത്സകൾക്കാണ് 80 ശതമാനവും ക്ലെയിം വന്നത്. ഇത് 40നും 70നും വയസ്സിന് ഇടയിൽ ഉള്ളവരായിരുന്നു. ഇത് മാത്രം, 120 കോടി രൂപയുടെ ക്ലെയിം ആയിരുന്നു. ഇൻഷുറൻസ് കമ്പനിക്ക് 160 ശതമാനം നോർക്ക കെയറിലും 350 ശതമാനം നോർക്ക കെയർ പ്ലസിലും നഷ്ടം സംഭവിച്ചു. പ്രീമിയം തുക ചെറുതായതിനാൽ സമാഹരിച്ച തുകയുടെ 150 ശതമാനം അധികമായി കമ്പനിക്ക് ക്ലെയിം നൽകേണ്ടിവന്നു. അതിനാൽ ഇത്തവണ ഇൻഷുറൻസ് പുതുക്കുന്നതിനുള്ള ക്വട്ടേഷൻ നൽകാൻ കമ്പനികൾ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ മൂന്നുലക്ഷം രൂപ മുതൽ 100 ലക്ഷം രൂപ വരെയുള്ള വിവിധ സ്ലാബുകളിൽ 18 മുതൽ 110 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാണ് നാഷണൽ ഇൻഷുറൻസ് കമ്പനി ക്വട്ടേഷൻ നൽകിയത്. 60 വയസ്സ് കഴിഞ്ഞവർക്ക് പോളിസി നൽകാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറാകാത്ത സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരക്ഷണം നൽകുക ലക്ഷ്യത്തോടെ ആണ് 18 മുതൽ 110 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പുതിയ പദ്ധതി കൊണ്ടുവന്നത്. അതുകൊണ്ടാണ് പ്രീമിയം തുക വർധിപ്പിച്ചതെന്നും പ്രീമിയം വർധിപ്പിച്ചില്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ വരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി പ്രവാസികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രവാസികളുടെ ചികിത്സാ സുരക്ഷ ലക്ഷ്യമിട്ട് മുൻ സർക്കാരാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. പുതിയ നിരക്ക് അനുസരിച്ച്, 51 മുതൽ 60 വയസ്സുവരെ പ്രായപരിധിയിലുള്ള പ്രവാസിക്ക് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് അടക്കേണ്ട പ്രീമിയം തുക 35,664 രൂപയായി. നേരത്തെ ഇതേ പോളിസിക്ക് 13,411 രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്.