യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ന് മുംബൈക്ക് തിരിക്കും. 470 പേരുടെ സംഘത്തെയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുക.
തിരുവനന്തപുരം: യുക്രൈനില്‍ (Ukraine) നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ (Delhi) നിന്ന് കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക. യാത്രാ ചിലവ് സംസ്ഥാനം വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണന്‍ (P Sreeramakrishnan) അറിയിച്ചു. യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ന് മുംബൈക്ക് തിരിക്കും. 470 പേരുടെ സംഘത്തെയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുക. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കി
മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും. ദില്ലിയിൽ നിന്നുള്ള വിമാനവും ഇന്ന് ബുക്കാറെസ്റ്റിൽ എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്. അതേസമയം പോളണ്ട് അതിർത്തിയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിർത്തിയിൽ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്. ഇവരെ അതിർത്തികടത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂൻകൂട്ടി അറിയിക്കാതെ അതിർത്തികളിൽ എത്തരുതെന്നും കിഴക്കൻ മേഖലകളിൽ അടക്കമുള്ളവർ അവിടെ തന്നെ തുടരാനും എംബസി അധികൃതർ അറിയിച്ചു.
റഷ്യയെ പിണക്കാതെ ഇന്ത്യ; യുഎൻ രക്ഷാസമിതിയിൽ വോട്ടു ചെയ്യാതിരുന്നതിന് കാരണങ്ങൾ നിരവധി
ദില്ലി: ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിന്‍റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്ന് ഇന്ത്യ. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎൻ പ്രമേയത്തിന്‍റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഒൻപത് വരിയുള്ള പ്രസ്താവനയാണ് നിലപാട് വിശദീകരിച്ച് ഇന്ത്യ നടത്തിയത്. യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളിൽ വലിയ അസ്വസ്ഥതയുണ്ട്. അക്രമം അവസാനിപ്പിക്കണം. മനുഷ്യ ജീവൻ ഇല്ലാതാക്കി ഒരു വിഷയവും പരിഹരിക്കാനാവില്ല. യുഎൻ ചട്ടങ്ങൾ പാലിക്കണം. എല്ലാ രാജ്യങ്ങളുടെയും പരാമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ചർച്ചയിലൂടെ മാത്രമേ ഇപ്പോഴത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ചർച്ചയ്ക്കുള്ള എല്ലാ വഴിയും തേടണം. ഈ കാരണം കൊണ്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നായിരുന്നു വിശദീകരണം.
സമാധാനത്തിന് ഒരിടം കൂടി നൽകാനാണ് തീരുമാനം എന്ന് സർക്കാർ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകർക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ആയുധ കരാറുകളും വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ കാരണമായി. ചൈനയും പാകിസ്ഥാനും യോജിച്ച് നിൽക്കുമ്പോൾ റഷ്യയെക്കൂടി ആ അച്ചുതണ്ടിൽ ചേർക്കേണ്ടതില്ലെന്നാണ് ഇന്ത്യ കരുതുന്നത്. ചൈന അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ അമേരിക്കയേക്കാൾ ഇന്ത്യയോട് ചേർന്ന് നിന്നത് റഷ്യയാണെന്നതും പ്രധാനമാണ്. കശ്മീരിന്റെ കാര്യത്തിലും മോദിയുടെ നയത്തെ പുട്ടിൻ എതിർത്തിരുന്നില്ല. എന്നാൽ വരും നാളുകളിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അതൃപ്തി ഇന്ത്യയ്ക്ക് നേരിടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങൾ തുടങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സമാധാനത്തിന് ഇടം നൽകാനാണ് വിട്ടു നിന്നതെന്ന് വിശദീകരിക്കുമ്പോൾ, ഇന്ത്യയ്ക്ക് എന്തെങ്കിലും മധ്യസ്ഥ നീക്കം നടത്താൻ കഴിയുമോ എന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്.
