വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.  

കോഴിക്കോട് : വടക്കൻ കേരളത്തിൽ കനത്ത കാറ്റും അതിതീവ്ര മഴയും തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ന്യൂനമർദ്ദ പാത്തി

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കിഴക്കൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾക്കും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദ മേഖല. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടർന്ന് ശക്തി കുറയാനും സാധ്യത. ജൂലൈ 6 മുതൽ ജൂലൈ 10 വരെ തീയതികളിൽ , കേരളം & മാഹി, എന്നിവിടങ്ങളിൽ നേരിയ ഇടത്തരം മഴക്ക് സാധ്യത. ഇന്ന് ജൂലൈ 07 ന് കേരളത്തിൽ ഒറ്റപ്പെട്ട അതിതീവ്ര / അതിശക്തമായ മഴയ്ക്കും ജൂലൈ7 മുതൽ 9 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.