വികസന സംവാദത്തിന് വീണ്ടും ചാണ്ടി ഉമ്മനെ വിനയത്തോടെ ക്ഷണിക്കുന്നുവെന്നും ജെയ്ക്ക് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളിയിൽ പ്രചാരണത്തിന് മന്ത്രിമാർ കൂട്ടത്തോടെ എത്തില്ലെന്നായിരുന്നു എൽഡിഎഫ് തീരുമാനം. ഇതിനെതിരെയാണ് ജെയ്ക്കിന്റെ പ്രതികരണം ഉണ്ടായത്.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി മന്ത്രിമാരെ ഇറക്കാൻ പേടിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. 21 വികസന സംവാദങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സംവാദത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന ആലോചനയിലാണ് യുഡിഎഫ്. വികസന സംവാദത്തിന് വീണ്ടും ചാണ്ടി ഉമ്മനെ വിനയത്തോടെ ക്ഷണിക്കുന്നുവെന്നും ജെയ്ക്ക് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളിയിൽ പ്രചാരണത്തിന് മന്ത്രിമാർ കൂട്ടത്തോടെ എത്തേണ്ടതില്ലെന്നായിരുന്നു എൽഡിഎഫ് തീരുമാനം. ഇതിനോടുള്ള പ്രതികരണമായാണ് മന്ത്രിമാർ എത്തുമെന്ന് ജെയ്ക്ക് സി തോമസ് വ്യക്തമാക്കിയത്.
പുതുപ്പള്ളിയിൽ മന്ത്രിമാരുടെ ഗൃഹസമ്പർക്കം പോലും നിയന്ത്രിക്കാനാണ് സിപിഎം തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പിലെ പാഠങ്ങൾ കൂടി ഉൾക്കൊണ്ടാണ് ഭരണകക്ഷി ഇത്തവണ വ്യത്യസ്ത രീതികൾ പരീക്ഷിക്കുന്നതെന്നാണ് വിവരം. കാബിനറ്റൊന്നാകെ ബൂത്തുകളിലേക്ക് ഇറങ്ങിയ കാഴ്ചയാണ് തൃക്കാക്കര, പാല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഴ്ചകളില്‍ കണ്ടത്. എന്നാൽ ഇത്തവണ പതിവ് മാറുകയാണ്. തൃക്കാക്കരയിൽ മന്ത്രിമാർ ഒന്നടങ്കം ഇറങ്ങിയിട്ടും എൽഡിഎഫിന് നേരിടേണ്ടി വന്നത് കനത്ത തോൽവിയാണ്. ഇത്തവണ മന്ത്രിമാരുടെ പുതുപ്പള്ളി ട്രിപ്പുകൾ കുറയുന്നതും ഈ തിരിച്ചറിവിലാണ്. എംഎൽഎമാരുടെയും എണ്ണം കുറച്ചു. ജയ്ക്കിനെ ജയിപ്പിക്കാൻ സംഘടനാ സംവിധാനത്തിന് കൂടുതൽ ചുമതലകൾ നൽകിയാണ് പ്രചാരണ വിന്യാസം. മണ്ഡലത്തിൽ താമസിക്കുന്ന മന്ത്രി വി എൻ വാസവൻ പുതുപ്പള്ളി പ്രചാരണത്തിനുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും പി കെ ബിജുവിനും കെ കെ ജയചന്ദ്രനുമാണ് ചുമതല. പഞ്ചായത്തുകളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുള്ള ചുമതല ഉടൻ തീരുമാനിക്കും.
ചാണ്ടി ഉമ്മന് കെട്ടിവെയ്ക്കാനുള്ള തുക നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ അമ്മ
പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ് മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. 24ന് മുഖ്യമന്ത്രി എത്തി രണ്ടിടങ്ങളിൽ പ്രസംഗിക്കും. വികസനം ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളെ പങ്കെടുത്ത് വികസന സന്ദേശ യാത്ര നയിക്കാൻ ആഗസ്റ്റ് 20ന് തോമസ് ഐസക് എത്തും. ആഗസ്റ്റ് 22ന് ആയിരം വനിതകളെ പങ്കെടുപ്പിച്ചുള്ള വനിതാ അസംബ്ലിക്ക് പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എത്തും. ജയ്ക്കിന്‍റെ പര്യടനം 24നാണ് തുടങ്ങുക. മന്ത്രിമാരെ കുറച്ചെങ്കിലും പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് തന്ത്രങ്ങൾക്ക് ഒരു കുറവുണ്ടാവില്ല. ഓരോ നൂറ് വോട്ടർമാരിലും ഒരു നേതാവിന്‍റെ കണ്ണുണ്ടാകും.
