മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ് അടക്കം യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരകൻ എംപി കൊച്ചിയിൽ വിളിച്ച് ചേർത്ത യോഗം തങ്ങളുടെ അറിവോടെ അല്ലെന്ന് എറണാകുളം ഡിസിസി. ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യോഗം. യോഗത്തിന് മുമ്പോ ശേഷമോ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് ഡിസിസി വൃത്തങ്ങൾ അറിയിച്ചു. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ് അടക്കം യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നടന്നത് അനൗദ്യോഗിക യോഗം മാത്രമെന്നാണ് സുധാകരനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യുട്ടീപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങി ക്രമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തരവകുപ്പും എക്സൈസ് വകുപ്പും നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ പരിപാടികൾക്ക് പിന്തുണ എന്ന പേരിലാണ് കൊച്ചിയിൽ കൂട്ടായ്മ നടന്നത്. സംസ്ഥാന സർക്കാർ പരിശ്രമങ്ങളുടെ ഭാഗമാകാൻ യോഗത്തിൽ കെ സുധാകരൻ ആവശ്യപ്പെട്ടു. യോഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്.
കോൺഗ്രസിലെ മുതിർന്ന നേതാവ് ക്രമിനൽ കേസ് പശ്ചാത്തലമുള്ളവർക്കൊപ്പം എത്തിയത് എന്തിനെന്നാണ് ചോദ്യം.യോഗം ചേർന്നത് പാർട്ടിയുടെ അറിവോടെ അല്ലെന്നാണ് എറണാകുളം ഡിസിസിയുടെ വിശദീകരണം. ഇത്തരം ഒരു യോഗം കൊച്ചിയിൽ വിളിച്ച് ചേർക്കുന്നതിന് മുൻപോ ശേഷമോ പാർട്ടിയുമായി ഒരു കൂടിയാലോചനയും സുധാകരൻ നടത്തിയിരുന്നില്ലെന്നും ഡിസിസി നേതാക്കൾ വ്യക്തമാക്കി. ഔദ്യോഗികമായി വിളിച്ച് ചേർത്ത യോഗം ആയിരുന്നില്ലെന്നും തികച്ചും അനൗദ്യോഗികം ആയിരുന്നെന്നുമാണ് സുധാകരനോട് അടുത്ത വൃത്തങ്ങളുടെ പ്രതികരണം.
