ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടതിൽ എന്‍എച്ച്എഐ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ജലഅതോറിറ്റി ആരോപിച്ചു. നിർമ്മാണത്തിന് മുമ്പ് കുടിവെള്ള പൈപ്പുകൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ ഗൗരവമായി എടുത്തില്ല. സമാനമായ അപകടസാധ്യത മറ്റ് അഞ്ച് സ്ഥലങ്ങളിൽ കൂടിയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ആലപ്പുഴ: ദേശീയപാതയിലെ ഗര്‍ത്തം രൂപപ്പെട്ടതിൽ മുന്നറിയിപ്പുകള്‍ എന്‍എച്ച്എഐ അവഗണിച്ചെന്ന് ജലഅതോറിറ്റി. നിര്‍മാണം തുടങ്ങും മുമ്പ് തന്നെ കുടിവെള്ള പൈപ്പുകള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എന്‍എച്ച്എഐ കരാറുകാരന്‍ ഗൗരവമായി എടുത്തില്ലെന്ന് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഇനിയും അഞ്ച് ഇടങ്ങളില്‍ അപകടസാധ്യതയുണ്ട്. നിര്‍മാണം പൂര്‍ത്തിയായ അഞ്ചിടങ്ങളില്‍ അടിയന്തരമായി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണം. പദ്മാക്ഷി കവല, വയലാര്‍ കവല, തങ്കി കവല, തിരുവിഴ കവല, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ റോഡ് തകരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്‍എച്ച്എഐ വിശദീകരണം

ദേശീയപാത 66 ൽ ചേർത്തല പതിനൊന്നാം മൈലിൽ നിർമ്മാണം പൂർത്തിയായ റോഡിൽ ഗർത്തമുണ്ടായത് കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിൽ ഉണ്ടായ സമ്മർദ്ദം കാരണമെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരണം. സമാനമായ പ്രശ്ന സാധ്യതയുള്ള മറ്റു അഞ്ച് ഇടങ്ങളിൽ ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തും. അതേസമയം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥലം സന്ദർശിച്ച ഐ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു. രാത്രി തന്നെ ഇവിടെ ഉണ്ടായ കൂറ്റൻ ഗർത്തം തൽക്കാലത്തേക്ക് മണ്ണും കോൺക്രീറ്റ് ഇട്ട് ജല അതോറിറ്റി മൂടിയിരുന്നു.

ഈ പാതയ്ക്ക് അടിയിലൂടെ കടന്നുപോയിരുന്ന കുടിവെള്ള പൈപ്പ് ലൈൻ ഇക്കഴിഞ്ഞ മെയ് മാസത്തിൽ പൊട്ടിയിരുന്നു. അന്ന് പുറത്തേക്ക് വന്ന വെള്ളം മണ്ണിനടിയിൽ കെട്ടിക്കിടന്ന് സമ്മർദ്ദം ഉണ്ടായി മണ്ണ് നീങ്ങിയതാണ് ഇവിടെ വലിയ ഗർത്തം രൂപപ്പെടാൻ കാരണം എന്നാണ് സ്ഥലം പരിശോധിച്ച് പൊതുമരാമത്ത് വകുപ്പിന്റെയും അതോറിറ്റിയുടെയും ദേശീയപാത അതോറിറ്റിയുടെയും നിഗമനം. സമാനമായ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിൽ ഒരുതവണ കൂടി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുമെന്നുമാണ് സ്ഥലത്ത് എത്തിയ ദേശീയപാത അതോറിറ്റി ഡിജിഎം നാട്ടുകാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.