സ്വന്തം മതാചാര പ്രകാരമുള്ള നിയമങ്ങളാണ് എംഇഎസ് സ്ഥാപനങ്ങളില്‍ പിന്തുടരുന്നത്. അത് അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരവരുടെ മതങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാം- പിഎ ഫസല്‍ ഗഫൂര്‍ പറഞ്ഞു.

തിരുവനന്തപുരം: ജീന്‍സും ലെഗിങ്‌സും മിനി സ്‌കര്‍ട്ടും മാന്യമല്ലാത്ത വസ്ത്രങ്ങളാണെന്നും നിഖാബിനോടൊപ്പം ഈ വസ്ത്രങ്ങളും എം ഇ എസ് കോളജുകളില്‍ വിലക്കിയിട്ടുണ്ടെന്നും എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. മുഖ്യധാരാ സമൂഹം ഇത്തരം വസ്ത്രങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും സ്‌ക്രോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. എം ഇ എസ് കോളജുകളില്‍ നിഖാബ് വിലക്കിക്കൊണ്ട് ഏപ്രില്‍ ഏഴിന് പുറത്തിറങ്ങിയ ആഭ്യന്തര സര്‍ക്കുലര്‍ വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. 

'ജീന്‍സ്, ലെഗിങ്‌സ്, മിനി സ്‌കര്‍ട്‌സ് മുതലായ വസ്ത്രങ്ങള്‍ ധരിക്കുന്നത് പൊതുസമൂഹം അംഗീകരിക്കില്ല. വിദ്യാര്‍ത്ഥിനികള്‍ നമ്മുടെ സാംസ്‌കാരിക, ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് അനുസരിച്ച് വസ്ത്രധാരണത്തില്‍ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ തയ്യാറാക്കിയത്. ഏതാണ് മോശം വസ്ത്രമെന്ന് പറയുക എളുപ്പമല്ല. ഉദാഹരണത്തിന്, കേരളത്തില്‍ സാരി അന്തസുള്ള വസ്ത്രമായാണ് കണക്കാക്കുന്നത്. എന്നാല്‍, അതും നല്ല രീതിയിലും മോശം രീതിയിലും ഉടുക്കാനാവും'-ഫസല്‍ ഗഫൂര്‍ പറഞ്ഞു. 

ലെഗിംസും ജീന്‍സും മിനി സ്‌കര്‍ട്ടുകളും മാന്യമല്ലാത്ത വസ്ത്രങ്ങളാണെന്ന അഭിപ്രായം പരാമര്‍ശിച്ച്, എന്തു കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: 'ആണും പെണ്ണുമടങ്ങുന്ന 8500 വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണ് ഈ ചട്ടങ്ങള്‍. ആണ്‍കുട്ടികളും സാമൂഹിക അംഗീകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കണം. മാന്യമായ വസ്ത്രധാരണത്തിലാണ് ഞങ്ങളുടെ ഊന്നല്‍. നമ്മുടെ അമ്മയ്ക്കും സഹോദരിക്കും വേണ്ടി നാം തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളാണ് എന്റെ അഭിപ്രായത്തില്‍ മാന്യമായ വസ്ത്രങ്ങള്‍'-ഫസല്‍ ഗഫൂര്‍ അഭിമുഖത്തില്‍ പറയുന്നു. 

സ്വന്തം മതാചാര പ്രകാരമുള്ള നിയമങ്ങളാണ് എംഇഎസ് സ്ഥാപനങ്ങളില്‍ പിന്തുടരുന്നത്. അത് അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരവരുടെ മതങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്മാറാം.ക്രിസ്ത്യന്‍ മിഷണറിമാരുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ തട്ടമിട്ട് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം മതവിശ്വാസിയായ പെണ്‍കുട്ടി 2018- ഡിസംബര്‍ നാലിന് കേരള ഹൈക്കോടതിയില്‍റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി ഓരോ മതത്തിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് മുമ്പ് നല്‍കുന്ന പ്രോസ്‌പെക്ടസില്‍ വസ്ത്രധാരണ രീതി കൃത്യമായി പരാമര്‍ശിക്കണമെന്ന് ഉത്തരവിട്ടു. അന്നത്തെ ഉത്തരവ് പ്രകാരമാണ് എംഇഎസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ നിയമം നടപ്പിലാക്കും- ഫസല്‍ ഗഫൂര്‍ വിശദമാക്കി.