കൊച്ചി: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. ഈ വിഷയത്തിലെ ആശയകുഴപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പരിഹരിച്ചു.

ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്. അവർക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ല. ഉണ്ടെന്ന് തെളിയിക്കേണ്ടത് അവരുടെ ചുമതലയാണ്. മാണിയുടെ രാഷ്ട്രീയം ഇടതിന് എതിരാണ്. മാണിയെ വേട്ടയാടിയത് സിപിഎമ്മുകാരാണ്. സംരക്ഷിച്ചത് യുഡിഎഫാണ്. 

നിലപാട് മാറ്റിയാൽ ജോസിന് തിരികെ വരാം. ജോസ് വിഭാഗത്തെ മാറ്റിനിർത്താൻ തീരുമാനിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. മാണിയുടേത് ഇടതു വിരുദ്ധ രാഷ്ട്രീയമാണ്. പിസി ജോർജ്ജിനെ യുഡിഎഫിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. അടുത്ത യുഡിഎഫ് യോഗത്തിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യും. കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരായ വിഷയം പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി യുക്തിസഹമല്ല. സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മൂക്കുകൊണ്ട് 'റ' വരച്ചു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ കഴമ്പുള്ളതാണ്.  പിഡബ്ല്യുസി ഡയറക്ടർക്ക് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമുമായി അടുത്ത ബന്ധമുണ്ട്. സിപിഎം ദേശീയ തലത്തിൽ സ്വീകരിക്കുന്ന നയമാണോ കേരളത്തിൽ സ്വീകരിക്കുന്നത്. സിപിഎം നിലപാട് വ്യക്തമാക്കണം. പാർട്ടി നയമാണോ കേരളത്തിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.