ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അർഥത്തിൽ ആണ്

കോഴിക്കോട് : ലിംഗ സമത്വത്തിനെതിരെ (gender equality)താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് എം കെ മുനീർ(mk muneer). എം എസ് എഫ് വേദിയിലെ വിവാദ പ്രസംഗത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോടാണ് എം കെ മുനീറിന്‍റെ ഈ പ്രതികരണം.തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്‍റെ ഘടന. 

ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അർഥത്തിൽ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തിൽ അല്ല പറഞ്ഞതെന്നും എം കെ മുനീർ വിശദീകരിക്കുന്നു

സിപിഎം പാഠ്യ പദ്ധതിയിൽ മതനിരാസം ഒളിച്ചുകടത്തുകയാണ്. മതമില്ലാത്ത ജീവൻ എന്നതിനെ മറ്റൊരു രൂപത്തിൽ കൊണ്ടുവരുന്നു. മത വിശ്വാസികൾക്ക് സി പി എമ്മിൽ ഇടമില്ല. കെ.ടി ജലീലിനെ പാർട്ടിക്ക് പുറത്ത് നിർത്തുന്നതിന്‍റെ കാരണം മറ്റെന്തെന്നും മുനീർ ചോദിച്ചു

സി പി എമ്മുമായി ആശയപരമായി ചേർന്നുപോകാനാകില്ല. സിപിഎമ്മിന്‍റേയും ലീഗിന്‍റേയും ആശയങ്ങൾ വ്യത്യസ്തം ആണ്. രണ്ട് ആശയങ്ങളും രണ്ട് ധ്രുവങ്ങളിൽ ഉള്ളെതെന്നും മുനീർ പ്രതികരിച്ചു. ഇന്നലെ എം എസ് എഫ് വേദിയിലാണ് ലിംഗസമത്വ യൂണിഫോമിനെതിരെ മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ സംസാരിച്ചത്

പെൺകുട്ടികളെ പാന്‍റും ഷ‌ർട്ടും ധരിപ്പിക്കുന്നതെന്തിന്? പിണറായി സാരി ധരിക്കുമോ? സാമൂഹ്യനീതിയാണ് വേണ്ടത്: മുനീർ

കോഴിക്കോട്: ലിംഗസമത്വ യൂണിഫോമിനെതിരെ മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീർ. ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുനീർ പറഞ്ഞു. പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നും മുനീർ ചോദിച്ചു. 

മുനീറിന്‍റെ വാക്കുകള്‍

ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ബാലുശ്ശേരിയില്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി പെണ്‍കുട്ടികളോട് പാന്‍റും ഷര്‍ട്ടുമിടാന്‍ പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ? ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാറ് ചേരൂലേ. പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്‍റിടിക്കൂന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താണ് കുഴപ്പം. ജെന്‍റര്‍ ന്യൂട്രാലിറ്റി എന്നുപറഞ്ഞ് പുതിയ ജെന്‍റര്‍ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ വീണ്ടും അധപ്പതനത്തിലേക്ക് കൊണ്ടുപോവുകയും പുരുഷകോയ്മ തന്നെയാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് വിളിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. 

ആൺ പെൺ കുട്ടികളെ ഒരുമിച്ച് ഒരു ബെഞ്ചിലിരുത്തുന്നത് പരിഗണിക്കണം, പാഠ്യപദ്ധതി പരിഷ്ക്കരണ സമിതിയുടെ കരട് നിർദേശം

സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിർദേശം. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിലാണ് നിർദേശം. ആൺ പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ.ജന്‍റർ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പ്പാക്കാൻ പുതിയ നിർദേശം. ലിംഗ നീതിക്കായി ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദേശം.

എസ് സി ഇ ആർ ടി തയ്യാർ ആക്കിയ കരട് റിപ്പോർട്ടിലാണ് നിർദേശം.കരട് റിപ്പോർട്ടിന്മേൽ പാഠ്യ പദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന ആദ്യ യോഗത്തിൽ കരടു ചർച്ചയായി.ചില അംഗങ്ങൾ ഇത് വിവാദം ആകാൻ ഇടയുണ്ടെന്നു അഭിപ്രായപെട്ടു.പൊതു വിദ്യാഭ്യാസ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമിതിയിൽ ഉള്ളത്.സമിതി കരട് റിപ്പോർട്ടിന്മേൽ ചർച്ച ചെയ്താണ് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകുക.