മലപ്പുറം: കെഎം ഷാജി എംഎൽഎക്കെതിരെ കേസ് രജിസ്റ്റ‍ർ ചെയ്യാൻ വിജിലൻസിന് അനുമതി നൽകിയതിന് സ്പീക്കറെ വിമ‍ർശിച്ച കോൺ​ഗ്രസ് എംഎൽഎമാ‍ർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ടിവി രാജേഷ് എംഎൽഎയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകിയത്. സ്പീക്ക‍ർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടിക്കെതിരെ ഏഴ് കോൺഗ്രസ് എംഎൽഎമാർ പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. വിഡി സതീശൻ, എ പി അനിൽകുമാർ ,ഷാഫി പറമ്പിൽ ,സണ്ണി ജോസഫ് , റോജി എം ജോൺ, ശബരിനാഥൻ. അൻവർ സാദത്ത് എന്നിവരാണ് പ്രതിഷേധം അറിയിച്ചത്. 

കോവിഡ് പ്രതിരോധത്തിനായി നിയമസഭാ സമ്മേളനം നിർത്തി വച്ച അതേദിവസം ഷാജിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയത് അത്ഭുതകരമാണെന്ന് പ്രസ്താവനയിൽ കോൺ​ഗ്രസ് എംഎൽഎമാ‍ർ ചൂണ്ടിക്കാട്ടിയിരുന്നു.ഇത്തരമൊരു തീരുമാനമെടുത്താൽ അംഗങ്ങളെ അറിയിക്കും. ഇവിടെ അതുമുണ്ടായില്ല. 

ധാർമ്മികമൂല്യങ്ങൾക്ക് നിരക്കാത്തതും സ്പീക്കറുടെ നിഷ്പക്ഷതക്ക് ക്ഷതമേൽപ്പിക്കുന്നതുമാണെന്നും അംഗങ്ങൾ പ്രസ്താവനയിൽ ആരോപിച്ചു. ഏഴ് കോൺ​ഗ്രസ് എംഎൽഎമാരുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് അവകാശലംഘന നോട്ടീസ് വന്നിരിക്കുന്നത്. 

ഏഴ് എംഎൽഎമാരും അജ്ഞതകൊണ്ടോ മനപൂർവ്വമോ ചെയ്ത കാര്യങ്ങൾ ശരിയായില്ലെന്ന് സ്പീക്ക‍ർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. വ്യക്തമായ നിയമോപദേശത്തോടെയാണ് പ്രസ്തുത ഫയൽ സ്പീക്കറുടെ ഓഫീസിലെത്തിയത്. അപ്പോൾ ഫയലിൽ ഒപ്പിടാതെ വേറെ നിവൃത്തിയില്ല. അതിനെ ആ നിലയിൽ കാണാതെ ചില എംഎൽഎമാർ പ്രതികരിച്ചു. ആ പ്രസ്താവന അവർ തിരുത്തുമെന്ന് കരുതുന്നതായും സ്പീക്ക‍ർ പറഞ്ഞു. 

ലോക്സഭാ സ്പീക്കറുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചെന്നും കേരളം നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ലോക്സഭാ സ്പീക്ക‍ർ അനുമോദിച്ചെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്നതിൽ സർക്കാരിന് പിടി വാശിയില്ലെന്നും കേന്ദ്രത്തിന്റെ തീരുമാനത്തിനൊപ്പം തന്നെയാണ് സംസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.