ദില്ലി: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ന്യൂസ് എന്നീ മലയാള  ദൃശ്യമാധ്യമ വാര്‍ത്താ ചാനലുകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. പികെ കുഞ്ഞാലിക്കുട്ടി, എന്‍കെ പ്രേമചന്ദ്രന്‍, ഹൈബി ഈഡന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. പ്രക്ഷേപണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്നും അടിയന്ത ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇതോടൊപ്പം ബിനോയ് വിശ്വവും കെ കെ രാഗേഷും രാജ്യസഭയിലും നോട്ടീസ് നല്‍കി. 

ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് മാധ്യമവിലക്കെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്‍റെ അടിത്തൂണുകളിലൊന്നായ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായി ഉയര്‍ന്ന കയ്യേറ്റത്തെക്കുറിച്ച് അടിയന്തര ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലി കലാപത്തെക്കുറിച്ചുള്ള ഹ്രസ്വ ചർച്ച ലോക്സഭയിൽ ഇന്നത്തെ അജണ്ടയിലുണ്ട്. ഈ ചർച്ചയിലും പ്രതിപക്ഷം മാധ്യമവിലക്ക് പരാമർശിക്കുമെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേക്ഷണം വിലക്കി നല്കിയ നോട്ടീസ് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടുന്നു. തെറ്റായ വാർത്തയോ വ്യാജ വാർത്തയോ ഏഷ്യാനെറ്റ് ന്യൂസ് നല്കിയതായി നോട്ടീസിൽ ഒരിടത്തും പറയുന്നില്ല. നേരത്തെ ചാനല്‍ വിലക്ക് സംബന്ധിച്ച് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായി വാര്‍ത്താവിതരണ മന്ത്രി വ്യക്തമാക്കിയിരുന്നു. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക