Asianet News MalayalamAsianet News Malayalam

'തമ്മിലടിച്ച് പേര് കളയരുത്', ഡീനിനും സി ആർ മഹേഷിനും കെപിസിസി അച്ചടക്ക സമിതി നോട്ടീസ്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തിലും മാധ്യമങ്ങളോടും സംഘ‍ടനയ്ക്ക് മോശം പേരുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയതിനാണ് നോട്ടീസ്. 

notice issued to dean kuriakose and cr mahesh over comments on youth congress election in kerala
Author
Thiruvananthapuram, First Published Nov 24, 2019, 10:00 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിനും വൈസ് പ്രസിഡന്‍റ് സി ആർ മഹേഷിനും കെപിസിസി അച്ചടക്ക സമിതിയുടെ നോട്ടീസ്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന് ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാണ് നോട്ടീസ്.

ഡീനിനും സി ആർ മഹേഷിനും പുറമേ, എസ് എം ബാലു, പി ബി സുനീർ, അബ്ദുൾ വാഹിദ്, ഷഫീഖ് എന്നിവർക്കും നോട്ടീസുണ്ട്. ഈ ആറ് നേതാക്കളും കൊച്ചിയിൽ അച്ചടക്കസമിതിയ്ക്ക് മുമ്പാകെ നാളെ ഹാജരാകണം.

ഡീൻ കുര്യാക്കോസ് പ്രസിഡന്‍റും സിആ‌ർ മഹേഷ് വൈസ് പ്രസിഡന്‍റുമായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാലാവധി തീർന്നിട്ട് 7 വർഷമായി. പല തവണ പുന:സംഘടനക്കുള്ള നീക്കം നടത്തിയെങ്കിലും കെപിസിസിക്ക് സമവായം കണ്ടെത്താനായില്ല. അതിനിടെയാണ് പ്രൊഫഷനൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാത്യു കുഴൽനാടന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ് വന്നത്.

യൂത്ത് കോൺഗ്രസ് പുന:സംഘടന വൈകുന്നതിൽ കടുത്ത അതൃപ്തിയാണ് പോസ്റ്റിൽ. ഡീനും മാത്യുവും രാജിവെച്ച് പുന:സംഘടനക്ക് മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം. രാജിവെച്ചാൽ സംഘടനക്കൊരു ക്ഷീണവും ഉണ്ടാകില്ലെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായതോടെയാണ് കമ്മിറ്റി തുടരുന്നതിന്‍റെ ഉത്തരവാദിത്തമില്ലെന്ന് ഡീനും മഹേഷും  വിശദീകരിച്ചത്.

അഖിലേന്ത്യാ നേതൃത്വത്തെ കണ്ട് ഡീൻ പുനഃസംഘടന വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. പുനഃസംഘടനയുണ്ടാകുമെന്ന ഡീനിന്‍റെ പ്രസ്താവന വന്നതോടെ, ഇനിയും നോമിനേഷനിലൂടെ മാത്രമേ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെടൂ എന്ന സൂചന വന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി തെരഞ്ഞെടുപ്പ് നടത്താത്തതിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തുവന്നു.

എംപിയായതിന് പിന്നാലെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് കത്ത് നൽകിയെങ്കിലും നേതൃത്വം തുടരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ഡീൻ പറയുന്നത്. മഹേഷ് ആകട്ടെ ഇതിനിടെ രണ്ട് തവണ രാജിവെച്ചിരുന്നു. മാന്യമായി പുറത്തുപോകാൻ അവസരം നൽകണമെന്ന് ബുധനാഴ്ച് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മഹേഷും വ്യക്തമാക്കി. ഭരണപക്ഷത്തെ സമ്മർദ്ദത്തിലാക്കാൻ നിരവധി വിഷയങ്ങളുണ്ടായിട്ടും യൂത്ത് കോൺഗ്രസ് സമരങ്ങളൊന്നും കാര്യമായി ഏറ്റെടുക്കുന്നില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ സജീവമാണ്. ഗ്രൂപ്പ് താല്പര്യം നോക്കുന്ന നേതാക്കളാകട്ടെ പുന:സംഘടനയിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുമില്ല. കെപിസിസി പുന:സംഘടന തന്നെ പാതിവഴിയിലുമാണ്. 

എന്തായാലും പ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യോഗ്യരായവരെ കണ്ടെത്താനുള്ള അഭിമുഖവും പൂർത്തിയായി. നാമനിർദേശപത്രിക നൽകാനുള്ള സമയം പൂർത്തിയായതോടെയാണ് ഇപ്പോഴത്തെ പ്രസിഡന്‍റടക്കമുള്ളവർക്ക് നോട്ടീസ് കിട്ടിയത്. 

ഡിസംബർ നാല് മുതൽ ഏഴ് വരെയാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. എട്ടിന് ഫലപ്രഖ്യാപനം.

പ്രസിഡന്‍റിന് പുറമേ നാലു വൈസ് പ്രസിഡൻറുമാരും പതിനാല് പതിനൊന്ന് ജനറൽ സെക്രട്ടറിമാരുമടക്കം പതിനാറംഗ സംസ്ഥാനനേതൃത്വത്തെയാണ് തെരഞ്ഞെടുക്കേണ്ടത്. എംഎൽഎമാർക്കും മത്സരിക്കാമെങ്കിലും കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും അഭിമുഖത്തിൽ പങ്കെടുത്തിരുന്നില്ല. 

Follow Us:
Download App:
  • android
  • ios