തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്‍പ്രിംക്ലറിനും സര്‍ക്കാരിനും ഐടി സെക്രട്ടറിക്കും നോട്ടീസ്. സ്‍പീഡ് പോസ്റ്റ് വഴിയും ഇമെയില്‍ വഴിയും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് ഇല്ല. മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കുന്നത് പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം കക്ഷിയാക്കി ആയിരുന്നു ഹര്‍ജി.

സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനെ ഇന്നലെ ഹൈക്കോടതി അറിയിച്ചിരുന്നു. പരസ്യ ആവശ്യത്തിന് കേരള സർക്കാരിന്‍റെ പേരോ ലോഗോയോ ഉപയോഗിക്കരുത്. വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഫയലിൽ സ്വീകരിച്ച കോടതി കേസുകൾ മൂന്ന് ആഴ്‍ച്ച കഴിഞ്ഞ് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്.