Asianet News MalayalamAsianet News Malayalam

ഇ പി ജയരാജനെതിരായ വധശ്രമ കേസ്; പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്

ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വലിയതുറ ഇൻസ്പെക്ടർ സതി കുമാറാണ് നോട്ടീസ് നൽകിയത്.

Notice to complainant youth congress workers on case against e jayarajan
Author
Thiruvananthapuram, First Published Jul 23, 2022, 11:33 AM IST

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. വലിയതുറ ഇൻസ്പെക്ടർ സതി കുമാറാണ് നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനിൽകുമാറിൻറെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസ്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.

അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർ‍ത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ്  ചെയ്തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.

Follow Us:
Download App:
  • android
  • ios