Asianet News MalayalamAsianet News Malayalam

'യെച്ചൂരിക്ക് കഴിവില്ല', തരൂരിന് പുകഴ്ത്തല്‍; കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് എസിന്റെയും ഇടതുമുന്നണിയുടെയും നയങ്ങള്‍ക്ക് വിരുദ്ധമായി സെക്രട്ടറി പ്രവര്‍ത്തിച്ചുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
 

Notice to congress s state secretary from minister for supporting tharoor
Author
Thiruvananthapuram, First Published Aug 31, 2020, 11:24 PM IST

കല്‍പ്പറ്റ: ശശിതരൂരിനെ പുകഴ്ത്തിയും സീതറാം യെച്ചൂരിയെ ഇകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് മന്ത്രി കൂടിയായ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംസ്ഥാന സെക്രട്ടി പി.കെ. ബാബുവിനാണ് 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

കോണ്‍ഗ്രസ് എസിന്റെയും ഇടതുമുന്നണിയുടെയും നയങ്ങള്‍ക്ക് വിരുദ്ധമായി സെക്രട്ടറി പ്രവര്‍ത്തിച്ചുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 'ശശി തരൂര്‍ രാഷ്ട്രീയത്തിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണെന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവര്‍ കോണ്‍ഗ്രസിന്റെ ദുരന്തമാണെന്നും മാര്‍ക്‌സിസത്തിന്റെ ഹാങ് ഓവറില്‍ ജീവിക്കുന്ന സീതറാം യെച്ചൂരിക്ക് ഇന്ത്യയില്‍ ബദല്‍ മുന്നേറ്റങ്ങളെ നയിക്കാന്‍ കഴിവില്ലെന്നും' പാര്‍ട്ടി നിയന്ത്രണത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിക്കുകയായിരുന്നു. 

പി.കെ. ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ശശി തരൂര്‍, രാഷ്ട്രീയത്തിലെ ഒരു 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' ആണ് എന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ള രാഷ്ട്രീയ കോമാളികളാണ്, കോണ്‍
ഗ്രസിന്റെ ദുരന്തം. ഇതാണ് പോക്കെങ്കില്‍, കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിടും. വേറെ പാര്‍ട്ടികളെ അന്വേഷിക്കും. ശശി തരൂര്‍ തന്നെ ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനേക്കാളും വലിയ ഒരു പാര്‍ട്ടിയുണ്ടാകും.രാഷ്ട്രീയ പാരമ്പര്യത്തിലൊന്നും ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഡല്‍ഹിയിലെ കേജരിവാളും, ആന്ധ്രയിലെ ജഗ് മോഹന്‍ റെഡ്ഡിയും, തെലങ്കാനയിലെ റാവുവും, ബംഗാളിലെ മമതയും, ഒറീസയിലെ നവീന്‍ പട്‌നായിക്കും അത് തെളിയിച്ചതാണ്. ബി.ജെ.പി.കോണ്‍ഗ്രസ് ഇതര മുന്നണിക്ക് ഇവിടെ വലിയ സസാധ്യതയുണ്ട്. നേതൃത്വത്തിന് ഒരാള്‍ മുന്നോട്ട് വന്നിട്ടില്ല എന്ന ഒരു ദു:ഖസത്യമാണ് മുന്നിലുള്ളത്. മാര്‍ക്‌സിസത്തിന്റെ ഹാങ്ങ് ഓവറില്‍ ജീവിക്കുന്ന സീതറാം യച്ചൂരിക്ക് അതിന് പ്രാപ്തിയില്ല. കേജരിവാളിനൊ, ജഗ്‌മോഹന്‍ റഡ്ഡിക്കോ ഇന്ത്യയെ മുഴുവന്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ശശി തരൂരിന് ഇതിനെല്ലാം കഴിവുണ്ട്.രാഹുല്‍ ഗാന്ധിക്കൊ, കോണ്‍ഗ്രസിനോ ശശി തരൂരിനെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമില്ല. മഹാത്മ ഗാന്ധിയോ, പണ്ഡിറ്റ് നെഹ്‌റുവോ അല്ല ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത് '
'ന്റ ഉപ്പാപ്പാക്ക് ഒരാനേണ്ടാര്‍ന്നു' എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാലമാണിത്. സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിലെ മൂന്നാമത്തെ തലമുറയിലെ ജനങ്ങളാണ് ഇവിടെ ശക്തി പ്രാപിച്ചു വരുന്നതെന്ന്, മൂഢന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാകുന്നില്ല. അവര്‍ക്ക് ഹാ,കഷ്ടം..'

Follow Us:
Download App:
  • android
  • ios