ഗുണനിലവാരം ഇല്ലാത്ത വീടുകളിൽ താമസിക്കുന്നത് ആദിവാസികളുടെ ജീവന് തന്നെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും വീടു നിർമ്മാണവുമായി മുന്നോട്ട് പോകരുതെന്ന് സബ്കളക്ടർ എച്ച് ആർഡിഎസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പാലക്കാട്: അട്ടപ്പാടിയിലെ അനധികൃത വീട് നിർമ്മാണ HRDS ന് വീണ്ടും നോട്ടീസ്. വീട് നിർമ്മാണം നിർത്തിവെച്ചത് രേഖ മൂലം അറിയിച്ചില്ല. ആദ്യം നൽകിയ കത്തിന് മറുപടി നൽകാത്തതിനാൽ ഒറ്റപ്പാലം സബ് കലക്ടർ വീണ്ടും കത്തയച്ച 20-ാo തിയ്യതിക്ക് മുമ്പ് അട്ടപ്പാടിയിലെ വീട് നിർമ്മാണം നിർത്തി വെച്ചുവെന്ന റിപ്പോർട്ട് നൽകണമെന്ന് നിർദേശം. ഗുണനിലവാരം ഇല്ലാത്ത വീടുകളിൽ താമസിക്കുന്നത് ആദിവാസികളുടെ ജീവന് തന്നെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും വീടു നിർമ്മാണവുമായി മുന്നോട്ട് പോകരുതെന്ന് സബ്കളക്ടർ എച്ച് ആർഡിഎസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും യോജിക്കുന്നതല്ലാത്ത വീടുകളാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഇനി അത്തരം വീടുകൾ നിർമ്മിക്കരുതെന്നും നോട്ടീസിൽ പറയുന്നു. 

അട്ടപ്പാടിയിൽ വീട് നിർമിക്കുന്നതിൽ നിന്ന് വിലക്കി'; കടുത്ത നടപടിയുമായി സർക്കാർ

അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ സർക്കാർ വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. വീട് നിർമാണം നിർത്തിയതായി 2 ദിവസത്തിനകം രേഖമൂലം അറിയിക്കണം എന്നും നിർദേശമുണ്ട്. എച്ച്ആർഡിഎസ് നടത്തുന്ന വീട് നിർമാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മീഷനും നിർദേശിച്ചിരുന്നു.

ഇതിനിടെ എച്ച്ആർഡിഎസിന്റെ ഓഫീസുകളിൽ വിജിലൻസ്, പരിശോധന നടത്തി. പദ്ധതി ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ നേരത്തെ എച്ച്ആ‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോളയൂരിലെ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയതിനായിരുന്നു കേസ്. ഈ കേസിൽ അജി കൃഷ്ണ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കോടതി ജാമ്യം നൽകിയിരുന്നു.