Asianet News MalayalamAsianet News Malayalam

മണിച്ചന്‍റെ ജയില്‍ മോചനം: സംസ്ഥാന സർക്കാരിന് നോട്ടീസ്, മൂന്നാഴ്ച്ചയ്ക്കകം മറുപടി നല്‍കണം

 ഗവർണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശയകരമെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.

Notice to the state government on the plea filed by wife usha seeking relief from the order to bond 30 lakhs for Manichan s release
Author
Delhi, First Published Aug 1, 2022, 11:38 AM IST

ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ മോചനത്തിന് 30 ലക്ഷം കെട്ടി വെക്കണമെന്ന ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചയക്കം സര്‍ക്കാര്‍ മറുപടി നൽകണം. ഗവർണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശയകരമെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. 

പിഴയായി ഹൈക്കോടതി വിധിച്ച് മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന്  സുപ്രീംകോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു. 

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു. 

പൊടിയരിക്കഞ്ഞി കച്ചവടത്തിൽ നിന്ന് തലസ്ഥാനം നിയന്ത്രിച്ച അബ്കാരിയിലേക്ക്, ആരായിരുന്നു മണിച്ചൻ?

പൊടിയരി കഞ്ഞി കച്ചവടക്കാരനിൽ നിന്നും തലസ്ഥാനത്തെ നിയന്ത്രിച്ച അബ്കാരിയായി കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ചന്ദ്രനെന്ന മണിച്ചന്‍റെ വളർച്ച. എന്നാല്‍ ഭരണ-ഉദ്യോഗസ്ഥ വൃന്ദങ്ങളെ നിയന്ത്രിച്ചിരുന്ന മണിച്ചന്‍റെ വൻ വീഴ്ച പെട്ടെന്നായിരുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചന്‍റെ തുടക്കം. പിന്നീട് വ്യാജ വാറ്റായി. ഒരിക്കൽ മണിച്ചന്‍ എക്സൈസിന്‍റെ പിടിയിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയിട്ടും വാറ്റ് തുടർന്നു. ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി മണിച്ചൻ നല്ല ബന്ധമുണ്ടാക്കി. ആന്‍റണി സർക്കാർ ചാരായം നിരോധിച്ചപ്പോള്‍ കള്ള് ഷാപ്പ് ലേലത്തിലേക്ക് മണിച്ചന്‍ നീങ്ങി. സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റെയ്ഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റെയ്ഞ്ചുകളും മണിച്ചന്‍റെ കീഴിലായി. കള്ളുഷാപ്പുകള്‍ വഴി വ്യാജ മദ്യം വിറ്റു. പൊലീസും എക്സൈസും മണിച്ചനെതിരെ അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരൻമാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി. തിരുവനന്തപുരം റെയ്ഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഒളിവിൽ പോയ മണിച്ചൻ ശത്രുക്കള്‍ക്കെതിരെ ഗൂഢാലോചന ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനായിരുന്നു ആ അഭിമുഖം നൽകിയത്.

പിന്നാലെ മണിച്ചനെ പൊലീസ് പിടികൂടി. മണിച്ചന്‍റെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമെല്ലാം കല്ലുവാതുക്കൽ കേസിൽ പ്രതിയായി. മണിച്ചന്‍റെ സാമ്രാജ്യം തകര്‍ന്നു. മണിച്ചന്‍റെ വീട്ടിൽ ഭൂഗർഭ അറകളുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് അന്വേഷണ സംഘം കണ്ടെത്തി. 2002 ജൂലൈ 16 കൊല്ലം സെഷൻസ് കോടതിയാണ് മണിച്ചനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മണിച്ചന്‍റെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചിരുന്നുവെങ്കിലും കൊലപാതക കുറ്റം എടുത്തുമാറ്റി. അബ്ദാരി നിയമപ്രകാരമുള്ള ശിക്ഷയാണ് തുടർന്ന് അനുഭവിച്ചത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ ജയിൽ വച്ച് വധിക്കാൻ ശ്രമിച്ച കേസിലും നാല് വ‍ർഷം മണിച്ചനെ ശിക്ഷിച്ചു.

പിന്നീട്, ജയിലിലെ നല്ല പുളളിയായ മണിച്ചനെ നെട്ടുകാൽത്തേരി തുറന്ന ജയിലേക്ക് മാറ്റി. ശിക്ഷ ഇളവിന് മണിച്ചൻ പല പ്രാവശ്യം അപേക്ഷ നൽകിയെങ്കിലും ഉപദേശ സമിതികള്‍ തള്ളി. ജയിലിലെ മേശിരിയായ മണിച്ചന് പൊലീസ് റിപ്പോർട്ടും അനുകൂലമായിരുന്നില്ല. മണിച്ചന്‍റെ രണ്ട് സഹോദരങ്ങളും കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതരായിരുന്നു. ഒടുവിൽ  ഉന്നതാധികാര സമിതി രക്ഷക്കെത്തി. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച മദ്യദുരന്തകേസിന്‍റെ കാരണക്കാരൻ 22 വ‍ർഷത്തിന് ശേഷം പുറത്തേക്ക്.

Follow Us:
Download App:
  • android
  • ios